Mon. Dec 23rd, 2024
ന്യൂഡല്‍ഹി:

കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നതിനിടെ ഉത്തരാഖണ്ഡില്‍ കുംഭമേള സംഘടിപ്പിച്ചതില്‍ വിമര്‍ശനമുയരുകയാണ്. ഇപ്പോഴിതാ ഒരു കുംഭമേളയുടെ ദൃശ്യങ്ങളോടൊപ്പം റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയുടെ ശബ്ദം കൂട്ടിച്ചേര്‍ത്തുള്ള വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയാണ്. തബ്‌ലീഗ് ജമാഅത്തെ സമ്മേളനത്തിനെതിരെ അര്‍ണബ് നടത്തിയ ആക്രോശമാണ് കുംഭമേള ദൃശ്യങ്ങളില്‍ ഉപയോഗിച്ചിരിക്കുന്നത്. ഈ ദൃശ്യങ്ങള്‍ ട്വീറ്റ് ചെയ്ത് സിപിഎംഎല്‍ നേതാവ് കവിതാ കൃഷ്ണനും രംഗത്തെത്തിയിരുന്നു.

കൊവിഡ് സൂപ്പര്‍ സ്‌പ്രെഡിന് കാരണമാകുന്ന നടപടിയാണ് നിസാമുദ്ദിന്‍ മര്‍ക്കസിന്റേതെന്നും അസറുദ്ദീന്‍ ഉവൈസി വിഷയത്തില്‍ മൗനം പാലിക്കുകയാണെന്നും ദേശവിരുദ്ധമാണിതെന്നും പറഞ്ഞായിരുന്നു അര്‍ണബിന്റെ ആക്രോശം.
തബ് ലീഗ് സമ്മേളനം നടന്ന സമയത്ത് പ്രതികരിച്ച അര്‍ണബ് എന്തുകൊണ്ട് കഴിഞ്ഞ ദിവസം കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഉത്തരാഖണ്ഡില്‍ നടന്ന കുംഭമേളയ്‌ക്കെതിരെ പ്രതികരിക്കാന്‍ തയ്യാറാകാത്തതെന്ന് ചോദിച്ചായിരുന്നു സോഷ്യല്‍ മീഡിയ പ്രതിഷേധം.

കഴിഞ്ഞ ദിവസസമാണ് കുംഭമേളയും നിസാമുദ്ദിന്‍ മര്‍ക്കസ് സമ്മേളനവും തമ്മില്‍ താരതമ്യം ചെയ്യരുതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരഥ് സിംഗ് റാവത്ത് പറഞ്ഞത്. നിസാമുദ്ദീന്‍ മര്‍ക്കസ് സമ്മേളനത്തെയും ഹരിദ്വാറിലെ കുംഭമേളയെയും താരതമ്യം ചെയ്യാനാകില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

കൊവിഡിന്റെ ആദ്യ തരംഗം വന്ന സമയത്ത് നടന്ന നിസാമുദ്ദീന്‍ സമ്മേളനം രോഗവ്യാപനത്തിന് കാരണമായെന്ന രീതിയില്‍ വലിയ വിമര്‍ശനങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു.

By Divya