Sun. Dec 22nd, 2024
തിരുവനന്തപുരം:

സംസ്ഥാനത്ത് കൊവിഡ് വ്യാപനം തീവ്രമാകുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു. ഇന്ന് 11 മണിക്ക് ഓണ്‍ലൈനായി യോഗം ചേരും. ജില്ലാ കളക്ടർമാർ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തില്‍ പങ്കെടുക്കും.

വെള്ളി, ശനി ദിവസങ്ങളിൽ സംസ്ഥാനത്ത് മാസ് കൊവിഡ് പരിശോധന നടത്തും. സംസ്ഥാനത്ത് രണ്ടുദിവസം കൊണ്ട് രണ്ടരലക്ഷം പേരിൽ പരിശോധന നടത്താനാണ് സർക്കാർ ഉദേശിക്കുന്നത്. ഇതിൽ പ്രധാനമായും
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരെ ആകും കൂടുതലായി പരിശോധിക്കുക.

നിയന്ത്രണങ്ങൾ കർശനമാക്കാനും ആലോചനയുണ്ട്. അതാത് പ്രദേശങ്ങൾ കേന്ദ്രീകരിച്ച് 144 അടക്കം പ്രഖ്യാപിക്കാൻ ഉള്ള അനുമതി കളക്ടര്‍മാര്‍ക്ക് ഇതിനോടകം നൽകിയിട്ടുണ്ട്. ഇതുകൂടാതെ പൊലീസിനെയും സെക്ടറൽ മജിസ്‌ട്രേറ്റ്മാരെയും ഉപയോഗിച്ച് പൊതു ഇടങ്ങളിലെ നിയന്ത്രണം കർക്കശമാക്കനും ആലോചിക്കുന്നുണ്ട്.

ഈ മാസം 19 മുതൽ കൂടുതൽ മാസ് വാക്സിനേഷൻ കേന്ദ്രങ്ങൾ സജ്ജമാക്കി വാക്സീൻ വിതരണം വേഗത്തിലാക്കും. തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ വാർഡുകൾ കേന്ദ്രീകരിച്ചാകും ഇത് നടപ്പിലാക്കുക.

വാക്സിനേഷൻ വഴി ആർജിത പ്രതിരോധ ശേഷി പരമാവധി പേരിൽ ഉണ്ടാക്കുകയാണ് ലക്ഷ്യം. രണ്ട് ദിവസത്തിനുള്ളിൽ കൂടുതൽ വാക്‌സീൻ കേരളത്തിൽ എത്തുമെന്നാണ് പ്രതീക്ഷ . ഇത് കൂടാതെ ആശുപത്രികളിൽ കൊവിഡ് ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ കൂട്ടുന്നതും സിഎഫ്എൽടിസികൾ തുടങ്ങുന്നതും യോഗം ചർച്ച ചെയ്യും.

By Divya