Mon. Dec 23rd, 2024
kerala restricts public gatherings and entry in shopping malls

തിരുവനന്തപുരം: കൊവിഡിന്‍റെ രണ്ടാം തരംഗത്തിൽ വിറങ്ങലിച്ച് നിൽക്കുന്ന സംസ്ഥാനം കൂടുതൽ നിയന്ത്രണങ്ങളിലേക്ക്. പൊതുപരിപാടികളിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ വീണ്ടും നിയന്ത്രണം വരുന്നു. പരമാവധി 50 മുതൽ 100 പേർ വരെ മാത്രമേ ഇനി പൊതുപരിപാടികളിൽ പങ്കെടുക്കാവൂ. ആർടിപിസിആർ ടെസ്റ്റിൽ നെഗറ്റീവായവരോ, വാക്സീൻ രണ്ട് ഡോസും എടുത്തവരോ മാത്രമേ ഇനി ഷോപ്പിംഗ് മാളുകളിലും മാര്‍ക്കറ്റിലും പ്രവേശിക്കാവൂ.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. വിവിധ വകുപ്പ് മന്ത്രിമാരും ആരോഗ്യവിദഗ്ധരും ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ജില്ലാ കളക്ടർമാരും ഉന്നതപൊലീസ് ഉദ്യോഗസ്ഥരുമാണ് യോഗത്തിൽ പങ്കെടുത്തത്.

രണ്ടരലക്ഷം പേർക്ക് നാളെയും മറ്റന്നാളുമായി കൊവിഡ് പരിശോധന നടത്താനാണ് തീരുമാനം. ഏറ്റവും കൂടുതൽ പരിശോധനകൾ നടത്തുക, ഏറ്റവും കൂടുതൽ കേസുകൾ പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന ജില്ലകളിലൊന്നായ എറണാകുളത്താണ്. 30,900 പേരെ രണ്ട് ദിവസം കൊണ്ട് പരിശോധിക്കാനാണ് തീരുമാനം. മാസ് പരിശോധനയിൽ ആദ്യം പരിഗണന നൽകുന്നത് തെരഞ്ഞെടുപ്പ് പ്രചാരണവുമായും തെരഞ്ഞെടുപ്പ് പ്രചാരണവുമായും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുമായും ബന്ധപ്പെട്ട് പ്രവർത്തിച്ചവർക്കാകും.

സംസ്ഥാനത്ത് കൂടുതൽ വാക്സീൻ എത്തിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ തീരുമാനമായി. വാക്സീൻ കിട്ടുന്ന മുറയ്ക്ക് മെഗാ വാക്സിനേഷൻ ക്യാമ്പുകൾ വിപുലീകരിക്കും. ഒരു ദിവസം രണ്ടര ലക്ഷം വരെ പേർക്ക് വാക്സീൻ നൽകാൻ തീരുമാനമായിട്ടുണ്ട്. സംസ്ഥാനത്തെ ആശുപത്രികളിലെ തീവ്രപരിചരണവിഭാഗങ്ങളിൽ കൂടുതൽ കിടക്കകൾ സജ്ജീകരിക്കാനും ധാരണയായി.

പ്രാദേശിക തലത്തിൽ 144 പ്രഖ്യാപിക്കാനുള്ള അനുമതി ജില്ലാ കളക്ടർമാർക്ക് ഇതിനകം നൽകിയിട്ടുണ്ട്. ഇത് കൂടാതെ പൊലീസിനെയും സെക്ടറൽ മജിസ്ട്രേറ്റുമാരെയും ഉപയോഗിച്ച് പൊതു ഇടങ്ങളിലെ നിയന്ത്രണങ്ങൾ കർശനമാക്കാനാണ് ആലോചന.

ഈ മാസം 19 മുതൽ കൂടുതൽ മാസ് വാക്സീൻ വിതരണകേന്ദ്രങ്ങൾ സജ്ജമാക്കും. വാക്സീൻ വിതരണം ത്വരിതഗതിയിലാക്കും. തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ വാർഡുകൾ കേന്ദ്രീകരിച്ചാകും ഇത് നടപ്പാക്കുക. വാക്സിനേഷൻ വഴി ആർജിതപ്രതിരോധശേഷി പരമാവധി പേരിൽ ഉണ്ടാക്കുകയാണ് ലക്ഷ്യം.

മറ്റു നിര്‍ദേശങ്ങള്‍