Wed. Nov 6th, 2024
കോഴിക്കോട്:

മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് മുക്തനായി ആശുപത്രി വിട്ടതിന് പിന്നാലെ വിവാദം. ഈ മാസം നാല് മുതല്‍ മുഖ്യമന്ത്രിക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയതോടെ മുഖ്യമന്ത്രി കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന ആരോപണം ശക്തമായി. നാലാം തീയതിക്ക് ശേഷം മുഖ്യമന്ത്രി പൊതുയോഗങ്ങളില്‍ പങ്കെടുക്കുകയും ആള്‍ക്കൂട്ടത്തിനൊപ്പം വോട്ടുചെയ്യാനെത്തുകയും ചെയ്തിരുന്നു.

കുടുംബാംഗങ്ങള്‍ കൊവിഡ് ബാധിതരായതിനെത്തുടര്‍ന്നാണ് സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന മുഖ്യമന്ത്രി ഈ മാസം എട്ടിന് പരിശോധന നടത്തിയത്. രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് അന്നു തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍, വിശദമായി പരിശോധനയില്‍ ഈ മാസം നാല് മുതല്‍ രോഗലക്ഷണങ്ങളുണ്ടെന്ന് ഡോക്ടര്‍മാര്‍ മനസിലാക്കിയിരുന്നു.

ലക്ഷണങ്ങളുള്ള രോഗികളെ പത്തു ദിവസത്തിന് ശേഷം വീണ്ടും ടെസ്റ്റ് ചെയ്യണമെന്നാണ് പ്രോട്ടോക്കോള്‍. മുഖ്യമന്ത്രിക്ക് ഈ മാസം നാലിന് രോഗലക്ഷണങ്ങള്‍ വന്നത് കണക്കാക്കിയാണ് പത്തു ദിവസത്തിന് ശേഷം ബുധനാഴ്ച വീണ്ടും പരിശോധന നടത്തിയത്.

നെഗറ്റീവായതിനെത്തുടര്‍ന്ന് ആശുപത്രി വിടുകയും ചെയ്തു. നാലിന് രോഗ ലക്ഷണങ്ങള്‍ കാണിച്ച മുഖ്യമന്ത്രി ടെസ്റ്റ് നടത്തുന്നത് വരെയുള്ള നാല് ദിവസം നിരവധി പൊതുപരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. രോഗ ലക്ഷണങ്ങള്‍ കാണിച്ചിട്ടും ടെസ്റ്റ് നടത്താന്‍ എട്ടുവരെ കാത്തിരുന്നെന്ന് ആരോപണങ്ങള്‍ ഉയരുന്നു.

By Divya