Sat. Nov 23rd, 2024
തിരുവനന്തപുരം:

കെ എം ഷാജി എംഎൽഎക്കെതിരായ വിജിലൻസ്​ നീക്കം മൻസൂർ വധമടക്കമുള്ളവയിൽ നിന്ന്​ ശ്രദ്ധ തിരിക്കാനാണെന്ന്​ മുസ്ലീം ലീഗ് ഉന്നതാധികാരി സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. പാര്‍ട്ടി ഷാജിക്കൊപ്പമാണെന്നും സർക്കാർ അദ്ദേഹത്തെ വേട്ടയാടുകയാണെന്നും തങ്ങള്‍ പറഞ്ഞു.

‘കണ്ണൂര്‍ കൊലപാതകത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ശ്രമം. അതിന് ഷാജിയെ ബലിയാടാക്കുന്നു. ഷാജിക്ക് പാര്‍ട്ടിയുടെ എല്ലാ പിന്തുണയും ഉണ്ടാവും. സര്‍ക്കാര്‍ വേട്ടയാടുകയാണെന്ന ഉറച്ച വിശ്വാസം ലീഗിനുണ്ട്.’ സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ നടന്ന പരിശോധനയില്‍ അമ്പതു ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. കോഴിക്കോട്ടെ വീട്ടില്‍ നിന്നും വിദേശ കറന്‍സിയും, ചില നിര്‍ണായക രേഖകളും വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. എംഎൽഎയായ ശേഷം 28 തവണ ഷാജി വിദേശയാത്ര നടത്തിയെന്ന് വ്യക്തമാക്കുന്ന രേഖകളും കണ്ടെത്തിയിരുന്നു.

കെ എം ഷാജിക്ക് വരവില്‍ കവിഞ്ഞ സ്വത്തുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. വരവിനേക്കാള്‍ 166 ശതമാനം അനധികൃത സ്വത്തുണ്ടെന്ന് വിജിലന്‍സ് അന്വേഷത്തില്‍ കണ്ടെത്തിയിരുന്നു. പ്ലസ്ടു അനുവദിക്കാന്‍ കോഴ വാങ്ങിയെന്ന പരാതിയലാണ്​ വിജലൻസ്​ അന്വേഷണം തുടങ്ങിയത്​.

By Divya