Mon. Dec 23rd, 2024
മുംബൈ:

തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ 24 മണിക്കൂര്‍ വിലക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയില്‍ വിമര്‍ശനവുമായി ശിവസേന എം പി സഞ്ജയ് റാവത്ത്. ബിജെപിയുടെ നിര്‍ദ്ദേശപ്രകാരമാണ് മമതയ്ക്ക് വിലക്കേര്‍പ്പെടുത്തിയതെന്ന് റാവത്ത് വിമര്‍ശിച്ചു.

മമതയ്ക്ക് അദ്ദേഹം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘തിരഞ്ഞെടുപ്പ് കമ്മീഷന്‍ മമതയ്ക്ക് 24 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നു. ഈ രാജ്യം ഭരിക്കുന്ന ബിജെപിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇത് ചെയ്തതെന്ന് വ്യക്തമാണ്.

ഇത് ജനാധിപത്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ്. രാജ്യത്തെ സ്വതന്ത്ര സ്ഥാപനങ്ങളുടെ പരമാധികാരത്തിനു നേരെയുമുള്ള കടന്നുകയറ്റമാണിത്. ബംഗാള്‍ കടുവയ്ക്ക് ഐക്യദാര്‍ഢ്യം,’ സഞ്ജയ് റാവത്ത് പറഞ്ഞു. ന്യൂനപക്ഷ വോട്ടര്‍മാര്‍ ഒറ്റക്കെട്ടായി തന്നോടൊപ്പം നില്‍ക്കണമെന്ന മമതയുടെ പ്രസ്താവനയും കേന്ദ്രസേനയെ സ്ത്രീകള്‍ തന്നെ തടയണമെന്ന ആഹ്വാനവും മുന്‍നിര്‍ത്തിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

ഇതില്‍ പ്രതിഷേധിച്ചുകൊണ്ട് മമത ഇന്ന് മായോ റോഡ് വെന്യുവിലെ ഗാന്ധി പ്രതിമയ്ക്ക് സമീപം വീല്‍ചെയറില്‍ ഇരുന്ന് ധര്‍ണ നടത്തുകയും ചെയ്തിരുന്നു.

By Divya