Mon. Dec 23rd, 2024
പാനൂർ:

മൻസൂർ കൊലക്കേസ് അന്വേഷണം ഏറ്റെടുത്ത സംസ്ഥാന ക്രൈം ബ്രാഞ്ച് സംഘം പാനൂരിലെത്തി തെളിവുകൾ ശേഖരിക്കാൻ തുടങ്ങി. തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ഐജി ജി സ്പർജൻ കുമാറും അന്വേഷണ ഉദ്യോഗസ്ഥൻ പി വിക്രമനും ഇന്നലെ  ഉച്ച കഴിഞ്ഞ് പാനൂരിലെത്തി. കൊലപാതകം നടന്ന സ്ഥലവും മൻസൂറിന്‍റെ വീടും സംഘം സന്ദർശിച്ചു.

മുഹ്സിനോട് വിശദമായി സംസാരിച്ചു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി വിക്രമന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്ന് കേസിന്‍റെ രേഖകളും ശേഖരിക്കും. കേസുമായി ബന്ധപ്പെട്ട് ഒളിവിലായ പ്രതികളെ കണ്ടെത്താനുള്ള തെരച്ചിലടക്കം ഊർജ്ജിതമായി നടക്കുന്നുണ്ട്. ‌‌‌‌‌നാലാം പ്രതി ശ്രീരാഗ്, ഏഴാം പ്രതി അശ്വന്ത്, പ്രതിപട്ടികയിൽ ഇല്ലാത്ത അനീഷ് എന്നിവരാണ് നിലവിൽ കസ്റ്റഡിയിലുള്ളത്.

രണ്ടാം പ്രതിയായിരുന്ന രതീഷിന്‍റെ മരണത്തിലും അന്വേഷണം നടക്കുകയാണ്. തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ രതീഷിന്‍റെ ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് ദൂരൂഹതയിലേക്കാണ് വിരൽചൂണ്ടുന്നത്. രതീഷിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കെ സുധാകരനടക്കമുള്ളവർ ആരോപിച്ചിരുന്നു. 

ആത്മഹത്യയിൽ നിഗൂഢതയുണ്ടെന്നും തെളിവുനശിപ്പിക്കുന്നതിന്‍റെ ഭാഗമായി കൊന്ന് കെട്ടിത്തൂക്കിയതാണെന്നുമാണ് യുഡിഎഫ് ആരോപണം. അതേസമയം കേസിൽ  ബ്രാഞ്ച് സെക്രട്ടറി, ലോക്കൽ കമ്മറ്റി അംഗം, ഡിവൈഎഫ്ഐ നേതാവ് എന്നിങ്ങനെയുള്ള നേതാക്കൾ ഉൾപെട്ട സാഹചര്യത്തിൽ രാഷ്ട്രീയ വിശദീകരണത്തിന് ഒരുങ്ങുകയാണ് സിപിഎം. ഇന്ന് ഉച്ചയ്ക്ക് കടവത്തൂർ മുതൽ പെരിങ്ങത്തൂർ വരെ സമാധാന സന്ദേശയാത്ര നടത്തും. മന്ത്രി ഇ പി ജയരാജനും ജില്ലാസെക്രട്ടറി എം വി ജയരാജനും പി ജയരാജനും പങ്കെടുക്കും. യുഡിഎഫ് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നാരോപിച്ചിക്കുന്ന സിപിഎം 13,14,15 തീയതികളിൽ ഗൃഹസന്ദർശനവും നടത്തും.

By Divya