കനാലിൽ വീണ മൂന്നു വയസ്സുകാരന്റെ രക്ഷകയായി എയ്ഞ്ചല്‍

രക്ഷിക്കാനായി കനാലിലേക്ക് ചാടുന്നതിനിടയിൽ ഈ പത്തു വയസ്സുകാരിയുടെ കാലില്‍ കനാലിലെ കുപ്പിച്ചില്ല് കയറിയെങ്കിലും വേദന സഹിച്ച് അനയിനേയും എടുത്ത് നീന്തിക്കയറുകയായിരുന്നു. അനയിന് കുഴപ്പങ്ങളൊന്നും ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് എയ്ഞ്ചല്‍ ആശുപത്രിയിലേക്ക് പോയത്.

0
192
Reading Time: < 1 minute

 

വിയ്യൂർ:

കനാലിൽ വീണ മൂന്നു വയസ്സുകാരന് പുതുജീവൻ നൽകി പത്ത് വയസുകാരിയുടെ ധീരത. രാമവര്‍മപുരം മണ്ണാത്ത് ജോയ് എബ്രഹാമിന്റെ രണ്ടാമത്തെ മകള്‍ എയ്ഞ്ചല്‍ മരിയയാണ് കനാലില്‍ ചാടി അയല്‍വാസിയായ മൂന്ന് വയസുകാരൻ അനയിനെ രക്ഷിച്ചത്. തുരുത്തിക്കാട്ടില്‍ ലിന്റോയുടെ മകനാണ് അനയ്.

വീടിന് മുന്നിലൂടെ ഒഴുകുന്ന നാലടിയോളം വെള്ളമുള്ള കനാലില്‍ കളിക്കാനായി അനയ് ചാടുകയായിരുന്നു. അനയ് ചാടിയത് കണ്ട കുട്ടികളെല്ലാം എന്തുചെയ്യണമെന്നറിയാതെ നിലവിളിച്ചു. നിലവിളി കേട്ട് വീട്ടില്‍നിന്നും ഓടിയെത്തിയ എയ്ഞ്ചല്‍, അനയ് വെള്ളത്തിലൂടെ ഒഴുകിപ്പോകുന്നതാണ് കണ്ടത്.

സമയം പാഴാക്കാതെ കനാലില്‍ എടുത്തുചാടിയ എയ്ഞ്ചല്‍ അനയിനെ എടുത്ത് തോളിലിട്ട് കരയ്‌ക്കെത്തിച്ചു. ചാട്ടത്തിനിടയില്‍ ഈ പത്തു വയസ്സുകാരിയുടെ കാലില്‍ കനാലിലെ കുപ്പിച്ചില്ല് കയറിയെങ്കിലും വേദന സഹിച്ച് അനയിനേയും എടുത്ത് നീന്തിക്കയറുകയായിരുന്നു. കരയിലെത്തിയ അനയിന് കുഴപ്പങ്ങളൊന്നും ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് എയ്ഞ്ചല്‍ തനിക്കുണ്ടായ പരിക്ക് ചികിത്സിക്കാനായി ആശുപത്രിയില്‍ പോയത്.

Advertisement