Mon. Dec 23rd, 2024
കൊൽക്കത്ത:

ബംഗാളിൽ നാലാംഘട്ട തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു നടന്ന അക്രമങ്ങളിൽ 5 പേർ വെടിയേറ്റു മരിച്ചു. ഇതിൽ 4 പേർ കേന്ദ്രസേനയുടെ വെടിവയ്പിലും ഒരാൾ തൃ‌ണമൂൽ ബിജെപി സംഘർഷത്തിനിടയിലുണ്ടായ വെടിവയ്പിലുമാണു മരിച്ചത്.
കുച്ച്ബിഹാർ ജില്ലയിലാണ് അക്രമങ്ങളുണ്ടായത്.

സിതാൽക്കുച്ചി മണ്ഡലത്തിലെ 126–ാം ബൂത്തിൽ വോട്ടെടുപ്പു നിർത്തിവച്ചു. ഇവിടെ റീപോളിങ് നടത്തുമെന്നു തിരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ ഗൂഢാലോചനയാണ് വെടിവയ്പെന്നു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു.

അമിത്ഷാ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടു. ഇന്ന് മമത കുച്ച്ബിഹാർ ജില്ലയിൽ പ്രതിഷേധ റാലി നടത്തും. മരിച്ചവരുടെ വീടുകളും സന്ദർശിക്കും. സിതാൽകുച്ചിയിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും കേന്ദ്രസേനയും തമ്മിലുണ്ടായ ഏറ്റമുട്ടലിനൊടുവിലാണ് വെടിവയ്പ്പുണ്ടായത്.

എന്നാ‍ൽ ഭടന്മാരെ അവിടെ വിന്യസിച്ചില്ലെന്നു സിഐഎസ്എഫ് പറഞ്ഞു. കേന്ദ്രസേനയെ ആക്രമിച്ച ജനക്കൂട്ടം ആയുധങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ചപ്പോൾ ആത്മരക്ഷാർഥം വെടിവച്ചതാണെന്നാണ് ബംഗാൾ പൊലീസ് പറയുന്നത്.
ഇവിടെ കേന്ദ്രസേന ജനക്കൂട്ടത്തെ പിരിച്ചു വിടാൻ ശ്രമിക്കുമ്പോൾ ഒരാൾ കുഴഞ്ഞു വീണു.

കുഴഞ്ഞുവീണതു കുട്ടിയാണെന്നും സേന ആക്രമിച്ചതാണെന്നുമുളള പ്രചാരണത്തെ തുടർന്നാണു ജനക്കൂട്ടം അക്രമാസക്തമായത്. സേനയുടെ വാഹനം ആക്രമിച്ച് ആയുധം പിടിച്ചെടുക്കാനൊരുങ്ങുമ്പോളായായിരുന്നു വെടിവയ്പ്.
പഠാൻതുളിയിൽ കന്നിവോട്ടു ചെയ്യാനെത്തിയ ആനന്ദ് ബർമൻ എന്നയാളാണ് മരിച്ചത്. ഇയാൾ തൃണമൂ‍ൽ കോൺഗ്രസുകാരനാണെന്ന് മുഖ്യമന്ത്രി മമത ബാനർജി അവകാശപ്പെട്ടു.

എന്നാൽ ബിജെപിയുടെ ബൂത്ത് ഏജന്റായിരുന്ന ഇയാളെ തൃണമൂൽ കോൺഗ്രസുകാർ വെടിവച്ചു കൊല്ലുകയായിരുന്നു എന്നു ബിജെപി പറയുന്നു.

By Divya