തിരുവനന്തപുരം:
ക്രഷിംഗ് ദി കര്‍വ്’ കര്‍മ പദ്ധതിയുടെ ഭാഗമായി മെഗാ വാക്‌സിനേഷന്‍ ക്യാമ്പുകളുമായി സംസ്ഥാനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ മെഗാ വാക്‌സിന്‍ ക്യാമ്പുകള്‍ക്ക് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ തുടക്കമായി. വാക്‌സിന്‍ ക്ഷാമം പരിഹരിക്കാന്‍ കൂടുതല്‍ വാക്‌സിന്‍ കേന്ദ്രങ്ങള്‍ അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യ വകുപ്പ്.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് വാക്‌സിന്‍ വിതരണം വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം നഗരസഭയുടെ കീഴില്‍ അഞ്ച് വാര്‍ഡുകളിലാണ് ക്യാമ്പുകള്‍ മുഖേന വാക്‌സിന്‍ വിതരണം നടക്കുന്നത്.
വരുംദിവസങ്ങളിലും മെഗാ ക്യാമ്പുകള്‍ വഴി 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാം. അതേസമയം മാസ് വാക്‌സിനേഷന്‍ ക്യാമ്പുകള്‍ നടത്തുന്നതിലൂടെ ഓരോ ജില്ലയിലും പ്രതിദിനം 35,000 ഡോസ് വാക്‌സിന്‍ വേണ്ടി വരുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. നിലവിലെ സ്റ്റോക്ക് തീരുന്നതോടെ ക്യാമ്പുകള്‍ നിര്‍ത്തിവയ്‌ക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് അധികൃതര്‍.