Mon. Dec 23rd, 2024
കണ്ണൂര്‍:

പാനൂർ കടവത്തൂരിൽ മുസ്​ലിം ലീഗ്​ പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയുടെ മരണത്തിൽ ദുരൂഹതയേറുന്നു. തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പ്രതി കൂലോത്ത് രതീഷിന്‍റെ ദേഹത്ത്​ മുറിവും ആന്തരികാവയവങ്ങൾക്ക്​ ക്ഷതവും ഉണ്ടായിരുന്നതായാണ്​ പോസ്റ്റ്​മോർട്ടം റിപ്പോർട്ട്​. ഇതോടെ മരണം കൊലപാതകമാണെന്ന സംശയത്തിലാണ്​​ അന്വേഷണ ഉദ്യോഗസ്​ഥർ.

മരണത്തിന് മുമ്പ് രതീഷിനെ ശ്വാസം മുട്ടിച്ചതായി സൂചനയുണ്ട്​. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്​ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തത്​. പോസ്റ്റ് മോര്‍ട്ടത്തിന്‍റെ പ്രാഥമിക റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. പോസ്റ്റ് മോര്‍ട്ടം വീഡിയോയില്‍ പകര്‍ത്തി സൂക്ഷിച്ചിട്ടുണ്ട്.

മൃതദേഹത്തിൽ മൂക്കിന് സമീപത്തായി മുറിവുണ്ട്. ഇത് മല്‍പ്പിടിത്തത്തിനിടെ സംഭവിച്ചതാകാമെന്നാണ് സൂചന. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കോൺഗ്രസ്​ നേതാവ്​ കെ സുധാകരന്‍ എം പി ആരോപിച്ചിരുന്നു.

രതീഷിനെ കൊന്ന് കെട്ടിത്തൂക്കിയതാണോയെന്ന് സംശയമുണ്ടെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. മുമ്പ്​ പല കൊലക്കേസുകളിലും നടന്നതുപോലെ അക്രമികളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുപോകാതിരിക്കാന്‍ പ്രതിയെ സിപിഎം കൊലപ്പെടുത്തിയതാണോ എന്ന്​ അന്വേഷിക്കണമെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

By Divya