കാസർകോട്:
കാസർകോട് നിയോജക മണ്ഡലത്തിൽ 2000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് ബിജെപി കണക്ക് പുറത്തുവന്നിരിക്കെ, മണ്ഡലത്തിൽ യുഡിഎഫിന്റെ വിജയമുറപ്പിച്ച് എൽഡിഎഫിന്റെ കണക്ക്. 66,000 വോട്ടാണ് എൽഡിഎഫിന്റെ കണക്കിൽ എൻഎ നെല്ലിക്കുന്നിന് ലഭിക്കുക.
ബിജെപിക്ക് 58,000-61,000 വോട്ടാവും ലഭിക്കുക. കഴിഞ്ഞവർഷത്തെക്കാൾ 1000 വോട്ടിന്റെ വർദ്ധനവോടെ 23,300 വോട്ട് എൽഡിഎഫിന് ലഭിക്കുമെന്നും ഇടതുമുന്നണി ശേഖരിച്ച കണക്കിൽ പറയുന്നു. മണ്ഡലത്തിൽ മുസ്ലിം ലീഗിൽ തിരഞ്ഞെടുപ്പിനുമുമ്പ് സംഘടനാപ്രശ്നങ്ങൾ നിലനിന്നിരുന്നു.
ഇത് ഭൂരിപക്ഷത്തിൽ കുറവിന് കാരണമായേക്കാമെങ്കിലും മറ്റുള്ളവരുടെ പെട്ടിയിലേക്ക് വോട്ടായി എത്തിയിട്ടില്ല.
യുഡിഎഫിൻറ മണ്ഡലം സംബന്ധിച്ച കണക്ക് ഞായറാഴ്ച ലഭിക്കും. പ്രാഥമിക കണക്കുപ്രകാരം 8000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് യുഡിഎഫ് നേതൃത്വം പറയുന്നത്.
ചെങ്കളയിൽനിന്നാണ് യുഡിഎഫിന് ഭൂരിപക്ഷത്തിനുള്ള വോട്ട് ലഭിക്കേണ്ടത്. ചെങ്കള കഴിഞ്ഞാൽ കാസർകോട് നഗരസഭയാണ് അവരുടെ വോട്ടുബാങ്ക്. ചെങ്കളയിൽനിന്ന് കഴിഞ്ഞതവണ 17,957 വോട്ടാണ് എൻഎക്ക് ലഭിച്ചത്. രണ്ടാം സ്ഥാനക്കാരന് (ബിജെപി) 4332 വോട്ട്.