മസ്കത്ത്:
ഒമാൻ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ കൊവിഡ് മൂലം ഉടലെടുത്ത തൊഴിൽ പ്രതിസന്ധി ഡോർ റ്റു ഡോർ കാർഗോ കമ്പനികൾക്ക് കൊയ്ത്തായി. കഴിഞ്ഞ ആറ് മാസമായി എയർ കാർഗോ ഉരുപ്പടി ഇരട്ടിയായതായി കാർഗോ കമ്പനികൾ പറയുന്നു. തൊഴിൽ നഷ്ടപ്പെട്ടതടക്കമുള്ള നിരവധി കാരണങ്ങളാൽ നിരവധി പേരാണ് കേരളത്തിലേക്ക് അടക്കം തിരിച്ചുപോവുന്നത്. കൊവിഡും എണ്ണ വിലയിടിവും വ്യാപാര മേഖലയെ ഗുരുതരമായി ബാധിക്കുന്നുണ്ട്.
കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നിരവധി വ്യാപാര സ്ഥാപനങ്ങൾക്കാണ് പൂട്ടുവീണത്. പ്രമുഖ കമ്പനികൾ പലതും പിടിച്ചുനിൽക്കാൻ പാടുപെടുന്നതിനാൽ ജീവനക്കാരെ കുറക്കുകയും ചെലവ് ചുരുക്കുന്നതിെൻറ ഭാഗമായി അനുബന്ധ സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും ചെയ്യുന്നുണ്ട്. ഇതെല്ലാം മലയാളികൾ അടക്കമുള്ള പ്രവാസികളെയാണ് പ്രതികൂലമായി ബാധിക്കുന്നത്.