Fri. Nov 22nd, 2024
കൊല്‍ക്കത്ത:

പശ്ചിമ ബംഗാളില്‍ ബിജെപി ജയിച്ച് അധികാരത്തില്‍ വന്നാല്‍ സ്ത്രീസുരക്ഷയ്ക്കായി ‘ആന്റി-റോമിയോ സ്‌ക്വാഡ്’ രൂപീകരിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യോഗി ആദിത്യനാഥ്. കേരളത്തില്‍ ‘ലൗ ജിഹാദ്’ ഉയര്‍ത്തി പ്രചാരണം നടത്തിയതിന് പിന്നാലെയാണ് ബംഗാളില്‍ ‘ആന്റി-റോമിയോ സ്‌ക്വാഡി’നെ കുറിച്ച് യോഗി പറഞ്ഞിരിക്കുന്നത്.

ബംഗാളില്‍ തൃണമൂല്‍ സര്‍ക്കാരിന് കീഴില്‍ സ്ത്രീകളുടെ അവസ്ഥ മോശമാണെന്നും സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും ചൂണ്ടിക്കാട്ടിയ ശേഷമാണ് ബിജെപി അധികാരത്തില്‍ വന്നാല്‍ ഇത്തരത്തില്‍ ‘ആന്റി-റോമിയോ സ്‌ക്വാഡ്’ രൂപീകരിക്കുമെന്ന് യോഗി പറഞ്ഞത്.

‘എന്തുകൊണ്ടാണ് ബംഗാളില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലാത്തത്? പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവും യാത്രയും ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍ സൗജന്യമാക്കും. പെണ്‍കുട്ടികളുടെ സ്‌കൂളിന് ചുറ്റും റോന്ത് ചുറ്റുന്നവരെ കൈകാര്യം ചെയ്യാന്‍ ആന്റി- റോമിയോ സ്‌ക്വാഡും രൂപീകരിക്കും…’- യോഗി ആദിത്യനാഥിന്റെ വാക്കുകള്‍.

2017ല്‍ യോഗി അധികാരത്തില്‍ വന്നപ്പോള്‍ ഉത്തര്‍പ്രദേശില്‍ ഇത്തരത്തില്‍ ‘ആന്റി-റോമിയോ സ്‌ക്വാഡ്’ രൂപീകരിച്ചിരുന്നു. സമാനമായ തീരുമാനങ്ങള്‍ക്കാണ് ബംഗാളിലും ബിജെപി ഒരുങ്ങുന്നതെന്നാണ് സൂചന. തൃണമൂല്‍ കോണ്‍ഗ്രസും മമത ബാനര്‍ജിയും വാദ്ഗാദനം ചെയ്ത മാറ്റങ്ങളൊന്നും ബംഗാളില്‍ ഉണ്ടായില്ലെന്നും ബിജെപി അധികാരത്തില്‍ വന്നാല്‍ തൃണമൂല്‍ ഗുണ്ടകളെയെല്ലാം പിടിച്ച് ജയിലില്‍ അയക്കുമെന്നും ബിജെപി റാലിക്കിടെ യോഗി ബംഗാളില്‍ പറഞ്ഞു.

പൗരത്വഭേദഗതിനിയമത്തെ കുറിച്ചും പ്രസംഗത്തിനിടെ യോഗി പ്രതികരിച്ചു. പാര്‍ലമെന്റ് പാസാക്കിയ നിയമമാണ് ‘സിഎഎ’ എന്നും അതിനെതിരെ തൃണമൂല്‍ അക്രമാസക്തമായി പ്രതികരിക്കുകയായിരുന്നുവെന്നും യോഗി പറഞ്ഞു.

By Divya