Mon. Dec 23rd, 2024
ന്യൂദല്‍ഹി:

കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഗ്യാന്‍വാപ്പി മുസ്‌ലീം പള്ളിയുടെ നിര്‍മ്മാണത്തെപ്പറ്റി സര്‍വ്വെ നടത്താന്‍ ആര്‍ക്കിയോളജി വിഭാഗത്തിന് വാരണാസിയിലെ കോടതി നിര്‍ദേശം നല്‍കിയത് നിയമവിരുദ്ധമെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ. ആരാധനാനിയമം (സ്‌പെഷ്യല്‍ പ്രൊവിഷ്യന്‍സ്) പ്രകാരം എല്ലാ ആരാധനാലയങ്ങളിലും തല്‍സ്ഥിതി തുടരണമെന്നാണ് പറയുന്നതെന്ന് പിബി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കാന്‍ മേല്‍ക്കോടതി ഇടപെടണമെന്നും പിബി ആവശ്യപ്പെട്ടു. മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഔറംഗസീബ് പ്രദേശത്തുണ്ടായിരുന്ന ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതതെന്ന പ്രദേശവാസികളുടെ പരാതി പരിഗണിക്കവെയായിരുന്നു കോടതി സര്‍വേ നടത്താന്‍ നിര്‍ദേശിച്ചത്.

സര്‍വ്വെയ്ക്കായി അഞ്ചംഗ സമിതിയെ നിയോഗിക്കണമെന്നും അതില്‍ രണ്ട് പേര്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ളവരായിരിക്കണമെന്നുമാണ് കോടതി നിര്‍ദ്ദേശം. പുരാവസ്തു ഗവേഷണ മേഖലയിലെ ഒരു വിദഗ്ധനെ സര്‍വ്വെയുടെ നിരീക്ഷകനായി നിയമിക്കണമെന്നും കോടതി ഉത്തരവിട്ടു.

തര്‍ക്കമുന്നയിച്ച ആരാധനാലയം എന്തെങ്കിലും തരത്തിലുള്ള പൊളിച്ചുമാറ്റലുകള്‍ക്കോ കൂട്ടിച്ചേര്‍ക്കലുകള്‍ക്കോ വിധേയപ്പെട്ടതാണോയെന്നും മതഘടന വ്യക്തമാക്കുന്ന ഓവര്‍ലാപ്പിംഗ് നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നുമാണ് കോടതി നിര്‍ദ്ദേശിച്ചത്. തര്‍ക്കസ്ഥലത്ത് പള്ളി പണിയുന്നതിന് മുമ്പേ ഏതെങ്കിലും ഹിന്ദു ക്ഷേത്രം പണിതിട്ടുണ്ടോയെന്ന കാര്യത്തിലും വ്യക്തത വരുത്തണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

1664ല്‍ പ്രദേശത്തുണ്ടായിരുന്ന ഒരു ഹിന്ദുക്ഷേത്രം പൊളിച്ചാണ് മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസീബ് മുസ്‌ലീം മസ്ജിദ് പണിതതെന്നായിരുന്നു കോടതിയ്ക്ക് ലഭിച്ച പ്രദേശവാസികള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. 1991ലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

By Divya