Fri. Nov 22nd, 2024
തിരുവനന്തപുരം:

നേമത്ത് എല്‍ഡിഎഫിനും തിരുവനന്തപുരത്ത് യുഡിഎഫിനും വോട്ടുചെയ്തുവെന്ന് വെളിപ്പെടുത്തലുമായി എസ്ഡിപി‌ഐ ബിജെപിയുടെ സാധ്യത തടയാനാണ് രണ്ടുമണ്ഡലങ്ങളില്‍ ഇരുമുന്നണികളെയും സഹായിച്ചതെന്ന് എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടള പറഞ്ഞു. കഴക്കൂട്ടം ഉള്‍പ്പടെ പാര്‍ട്ടിക്ക് സ്ഥാനാര്‍ഥിയില്ലാത്തിടത്ത് ഇരുമുന്നണികളും സഹായം തേടിയെന്നും എസ്ഡിപിഐ വെളിപ്പെടുത്തി.

തിരുവനന്തപുരത്ത് ശക്തമായ ത്രികോണ മല്‍സരം നടക്കുകയും ബിജെപിക്ക് വിജയസാധ്യതയുണ്ടെന്ന് വിലയിരുത്തുകയും ചെയ്ത രണ്ടു മണ്ഡലങ്ങളിലാണ് എസ്ഡിപിഐ രാഷ്ട്രീയതീരുമാനപ്രകാരം വോട്ടുചെയ്തത്. നേമത്ത് കുമ്മനത്തിന്‍റെ വിജയം തടയാന്‍ ഇടതുപക്ഷമാണ് ഉചിതമെന്ന് തിരിച്ചറിഞ്ഞാണ് വി ശിവന്‍കുട്ടിക്ക് ഒപ്പം നിന്നത്. പതിനായിരം വോട്ട് നേമത്തുണ്ടെന്നാണ് അവകാശവാദം. തിരുവനന്തപുരത്തെ മൂവായിരത്തോളം സ്വന്തം  വോട്ട് വിഎസ് ശിവകുമാറിന് വിജയം ഉറപ്പിക്കുന്നതാണെന്ന് എസ്ഡിപിഐ സൂചിപ്പിച്ചു.

ശക്തമായ ത്രികോണ മല്‍സരമായിരുന്നെങ്കിലും കഴക്കൂട്ടത്ത് ബിജെപിയെ തോല്‍പ്പിക്കാന്‍ ഒരു മുന്നണിയോടും മമത കാണിച്ചില്ല. പ്രവര്‍ത്തകര്‍ മനസാക്ഷിവോട്ട് ചെയ്തെന്നും എസ് ഡി പി ഐ അവകാശപ്പെട്ടു. എസ്ഡിപിഐ മല്‍സരിച്ച നെടുമങ്ങാടും വാമനപുരത്തും ഒഴികെ ഇരുമുന്നണികളും എസ്ഡിപിഐയോട് വോട്ട് അഭ്യര്‍ഥിച്ചിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തി.

വര്‍ഗീയ ശക്തികളുമായി ബന്ധമില്ലെന്ന് പ്രഖ്യാപിച്ച് എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് പറഞ്ഞവര്‍ രഹസ്യമായി സഹായം തേടിയിരുന്നുവെന്ന് കൂടി വ്യക്തമാവുകയാണ് എസ്ഡിപിഐ വെളിപ്പെടുത്തലിലൂടെ.

By Divya