Sat. Nov 23rd, 2024
മലപ്പുറം:

വോട്ടെടുപ്പിന് തൊട്ടു പിന്നാലെ കണ്ണൂരില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനെ ബോംബെറിഞ്ഞ് വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ ഭീകരത മാപ്പര്‍ഹിക്കാത്തതാണെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍. ഇത്തരം രീതികള്‍ ഇത്രയും കാലം നാം ശിലിച്ചു പോന്ന സമാധാന- രാഷ്ട്രീയത്തിനെതിരെയുള്ള വെല്ലുവിളിയാണെന്നും ജനാധിപത്യപരമായ പൊതുപ്രവര്‍ത്തന രീതികള്‍ പോലും അനുവദിക്കില്ലെന്ന നിലപാട് നമുക്ക് നല്‍കുന്ന സന്ദേശം എന്താണെന്നും മുനവ്വര്‍ അലി തങ്ങള്‍ ചോദിച്ചു.

തങ്ങളുടെ ശക്തികേന്ദ്രങ്ങളില്‍ ഓരോ രാഷ്ട്രീയ പാര്‍ട്ടികളും ഇത്തരം നിലപാട് സ്വീകരിച്ചാല്‍ എന്താകും കേരളത്തിന്റെ അവസ്ഥ. ഇത്രയും കാലം കൊണ്ട് നാം ആര്‍ജ്ജിച്ചെടുത്ത എല്ലാ സാമൂഹിക, സാംസ്‌കാരിക മുന്നേറ്റങ്ങളേയും പിറകോട്ട് വലിക്കുന്ന ഇത്തരം പൈശാചിക പ്രവര്‍ത്തികളില്‍ നിന്ന് തങ്ങളുടെ അണികളെ മാറ്റിനിര്‍ത്താന്‍ കണ്ണൂരിലെ സിപിഐഎം തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

ഈ ക്രൂരതക്കെതിരെ കേരളം ഒറ്റക്കെട്ടായി പ്രതിഷേധമുയര്‍ത്തണം. മനുഷ്യന്റെ ജീവിക്കാനുള്ള അവകാശം ഇല്ലാതാക്കിയിട്ട് പൊതുപ്രവര്‍ത്തനം എന്ന വാക്കിന് എന്ത് അര്‍ത്ഥമാണുള്ളത്. പ്രതികളെ എത്രയും വേഗം നിയമത്തിന് മുമ്പില്‍ കൊണ്ടുവന്ന് മാതൃകാപരമായ ശിക്ഷ നല്‍കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം.

അല്ലാത്തപക്ഷം അത് നമ്മുടെ സാമൂഹികാന്തരീക്ഷത്തെ വീണ്ടും കലുഷിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

By Divya