Fri. Nov 22nd, 2024
ന്യൂഡല്‍ഹി:

സ്‌കാനിയ ബസ് കൈക്കൂലിക്കേസില്‍ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ വാദങ്ങള്‍ തെറ്റെന്ന് റിപ്പോര്‍ട്ട്. താന്‍ ആരുടേയും കൈയില്‍ നിന്ന് ബസ് വാങ്ങിയിട്ടില്ലെന്ന ഗഡ്കരിയുടെ വാദങ്ങള്‍ തെറ്റാണെന്ന് എസ് വി ടി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗഡ്കരിയുമായി ബന്ധപ്പെട്ട സ്ഥലത്ത് നിന്ന് ബസ് കണ്ടെത്തിയതായി അന്വേഷണത്തില്‍ തെളിഞ്ഞതായാണ് റിപ്പോര്‍ട്ട്. ഗഡ്കരിയുടെ മക്കളായ സാരംഗിന്റേയും നിഖിലിന്റേയും ബിസിനസ് പങ്കാളികള്‍ക്ക് ബസുമായി അടുത്ത ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്കാനിയ ഡീലര്‍ വഴി ഗഡ്കരി കുടുംബവുമായി അടുത്ത ബന്ധമുള്ള ഒരു കമ്പനിക്ക് ബസ് വിറ്റതായാണ് സ്വീഡിഷ് ന്യൂസ് ചാനലായ എസ് വി ടി റിപ്പോര്‍ട്ട്. ഇത് വ്യക്തമാക്കുന്ന ഒരു വീഡിയോയും റിപ്പോര്‍ട്ടില്‍ പങ്കുവെച്ചിട്ടുണ്ട്.

2016 ല്‍ ബെംഗളൂരു ആസ്ഥാനമായുള്ള ട്രാന്‍സ്‌പ്രോ മോട്ടോഴ്സ് പ്രൈവറ്റ് ലിമിറ്റഡിന് മെട്രോലിങ്ക് എച്ച്ഡി ബസ് വിറ്റതായി സ്‌കാനിയയുടെ പ്രസ് മാനേജരും മുതിര്‍ന്ന ഉപദേശകനുമായ ഹാന്‍സ്-എകെ ഡാനിയല്‍സണ്‍ പറയുന്നു. സ്‌കാനിയയുടെ തന്നെ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ട്രാന്‍സ്‌പ്രോ മറ്റൊരു ഇന്ത്യന്‍ കമ്പനിയായ സുദര്‍ശന്‍ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിലേക്ക് ബസ് വാടകയ്ക്ക് നല്‍കിയതായും കണ്ടെത്തിയിട്ടുണ്ട്.

By Divya