Fri. Apr 26th, 2024
കണ്ണൂർ:

ആർഎംപി യുഡിഎഫിന്‍റെ ഭാഗമാകില്ലെന്ന് വടകരയിലെ യുഡിഎഫ് പിന്തുണയുള്ള സ്ഥാനാർത്ഥി കെകെ രമ. ഞങ്ങൾ മുന്നണി അല്ലല്ലോ. അത് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ട്.

അവർ പുറത്തുനിന്നുള്ള നിരുപാധികമായ പിന്തുണയാണ് നൽകിയത്. രണ്ടും രാഷ്ട്രീയമാണ്. ആർഎംപി ഐ ദേശീയ പാർട്ടിയാണ്. അത് അങ്ങനെത്തന്നെയാണ് ഇനിയും മുന്നോട്ടുപോകുകയെന്നും കെകെ രമ പറഞ്ഞു.

തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ ആർഎംപിക്ക് കഴിഞ്ഞിട്ടുണ്ട്. വലിയ രീതിയിൽ പോളിങ് നടന്നിട്ടുണ്ട്. സാധാരണ വോട്ട് ചെയ്യാൻ എത്താവർ പോലും വോട്ട് ചെയ്യാനെത്തി. നല്ല പ്രതീക്ഷയുണ്ടെന്നും കെകെ രമ പറഞ്ഞു.

സിപിഎമ്മിന്‍റെ വോട്ടുകൾ കിട്ടിയിട്ടുണ്ട്. പാർട്ടി അറിയേണ്ട, എന്നാൽ രമക്ക് വോട്ട് ചെയ്തിട്ടുണ്ടെന്ന് പലരും വിളിച്ചു പറഞ്ഞു. കൊലപാതക രാഷ്ട്രീയത്തിനെതിരെ പ്രത്യേകിച്ചും സ്ത്രീ വോട്ടർമാരുടെ ഉള്ളിൽ വിദ്വേഷമുണ്ട്.

യുഡിഎഫിന്‍റെ ഭാഗത്ത് നിന്ന് ശക്തമായ പിന്തുണ ഉണ്ടായിരുന്നു. പിണറായി എന്ന ഏകാധിപതിക്കെതിരെയുളള വിധിയെഴുത്തായിരിക്കും ഇത്തവണത്തെ തിരഞ്ഞെടുപ്പ്. ഇടതുസർക്കാരിൽ നിന്നും പ്രതീക്ഷിക്കുന്നതൊന്നും പിണറായി സർക്കാരിൽ നിന്നും ലഭിച്ചില്ലെന്നും കെകെ രമ പറഞ്ഞു.

By Divya