മുംബൈ:
മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നതിന് കാരണക്കാര്‍ കുടിയേറ്റ തൊഴിലാളികളാണെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍സേന അധ്യക്ഷന്‍ രാജ് താക്കറെ. കഴിഞ്ഞ ഏതാനും ആഴ്ചകളായി നിരവധി പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്നും ഇത്തരത്തില്‍ കൊറോണ വൈറസ് സംസ്ഥാനത്ത് അതിവേഗം പടരുന്നതിന് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് കാരണമെന്നുമായിരുന്നു രാജ് താക്കറെ പറഞ്ഞത്.
കുടിയേറ്റ തൊഴിലാളികള്‍ ഏത് സംസ്ഥാനത്ത് നിന്നാണോ ഇവിടേക്ക് എത്തുന്നത് ആ സംസ്ഥാനങ്ങളില്‍ കൊവിഡ് ടെസ്റ്റ് നടത്താന്‍ മതിയായ സംവിധാനങ്ങള്‍ ഒരുക്കാത്തതാണ് ഇത്രയേറെ കേസുകള്‍ വർദ്ധിക്കാന്‍ കാരണമെന്നും താക്കറെ പറഞ്ഞു. തിങ്കളാഴ്ച രാത്രി മുതല്‍ മഹാരാഷ്ട്രയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പുതിയ നിയന്ത്രണങ്ങളെക്കുറിച്ച് സംസാരിച്ച താക്കറെ എല്ലാ കടകളും കുറഞ്ഞത് രണ്ടോ മൂന്നോ ദിവസമെങ്കിലും തുറക്കാന്‍ അനുവദിക്കണമെന്നും പറഞ്ഞു.
ലോക്ക്ഡൗണ്‍ കാലയളവില്‍ ജനങ്ങളുടെ വൈദ്യുതി ബില്ലുകള്‍ എഴുതിത്തള്ളണമെന്നും രാജ് താക്കറെ ആവശ്യപ്പെട്ടു.