തൃശൂര്‍:
ചേലക്കരയില്‍ വോട്ടു ചെയ്യാന്‍ ബൂത്തിലെത്തിയ വൃദ്ധന് വോട്ടു ചെയ്യാന്‍ കഴിഞ്ഞില്ല. വോട്ടിംഗ് രേഖകളില്‍ മരിച്ചുപോയി എന്ന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് വോട്ട് ചെയ്യുന്നതില്‍ നിന്നും ഇയാളെ തടഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചേലക്കര എസ്എംടി സ്‌കൂളില്‍ 81 ബി ബ്ലോക്കില്‍ വോട്ടു ചെയ്യാനെത്തിയ അബ്ദുള്‍ ബുഹാരി എന്ന വയോധികനോടാണ് രേഖകളില്‍ മരിച്ചുപോയെന്നാണ് കാണിക്കുന്നതെന്ന് അറിയിച്ചത്. അതിനാല്‍ അബ്ദുള്‍ ബുഹാരിക്ക് വോട്ട് ചെയ്യാനാവില്ലെന്നും പോളിംഗ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
എന്നാല്‍ ഇത് കേട്ടതോടെ അബ്ദുള്‍ ബുഹാരി പോളിംഗ് ബൂത്തിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.
ചേലക്കര പഴയന്നൂരില്‍ പനയാംപാടത്ത് മാധവന്‍ എന്ന വയോധികനും വോട്ടു ചെയ്യാനായില്ല. ബൂത്തില്‍ എത്തിയപ്പോള്‍ ഇയാള്‍ പോസ്റ്റല്‍ വോട്ട് ചെയ്തതായി പ്രിസൈഡിങ് ഓഫീസര്‍ അറിയിക്കുകയായിരുന്നു.
എന്നാല്‍ പോസ്റ്റല്‍ വോട്ട് ചെയ്തിട്ടില്ലെന്നാണ് ഇയാള്‍ പറഞ്ഞത്. ഇക്കാര്യം വ്യക്തമാക്കി പ്രിസൈഡിങ് ഓഫീസര്‍ക്ക് പരാതി നല്‍കുകയും ചെയ്തു. തിരുവനന്തപുരത്ത് കഴക്കൂട്ടം പാറശ്ശാല മണ്ഡലങ്ങളിലും ഇടുക്കിയില്‍ ദേവികുളത്തും വോട്ടര്‍മാര്‍ക്ക് സമാനമായ ദുരനുഭവമുണ്ടായി. ചിലര്‍ ബൂത്തിലെത്തിയപ്പോള്‍ തപാല്‍ വോട്ട് ചെയ്‌തെന്നാണ് പറഞ്ഞതെന്നും പരാതികളുയര്‍ന്നു.