Tue. Nov 5th, 2024
തിരുവനന്തപുരം:

നേമത്തുൾപ്പടെ സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ കള്ളവോട്ട് നടന്നതായി കണ്ടെത്തി. നേമത്തിന് പുറമെ തിരുവനന്തപുരം കാട്ടാക്കടയിലും കള്ളവോട്ട് പരാതി ഉയർന്നു. നേമം യുപി സ്കൂളിലെ 130 ആം ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ പ്രകാശൻ എന്നയാളുടെ വോട്ട് നേരത്തെ രേഖപ്പെടുത്തിയതായി കണ്ടെത്തി.

കണ്ണൂർ താഴെ ചൊവ്വയിൽ കള്ളവോട്ട് ചെയ്ത ആളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വലിയന്നൂർ സ്വദേശി ശശീന്ദ്രനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇടുക്കി നെടുങ്കണ്ടത്ത് ഇരട്ട വോട്ട് സംശയിച്ച് തമിഴ്നാട്ടിൽ നിന്നെത്തിയ 14 അംഗ സംഘത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കണ്ണൂർ താഴെ ചൊവ്വ എൽപി സ്കൂളിലെ 73 ആം നമ്പർ ബൂത്തിലാണ് കള്ളവോട്ട് നടന്നത്. താഴെ ചൊവ്വ സ്വദേശി ശശീന്ദ്രന്റെ വോട്ട് വലിയന്നൂർ സ്വദേശി ശശീന്ദ്രൻ രേഖപ്പെടുത്തുകയായിരുന്നു. പ്രിസൈഡിങ് ഓഫീസറുടെ പരാതിയിൽ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തളിപ്പറമ്പ് നിയോജക മണ്ഡലം ഇടത് മുന്നണി സ്ഥാനാർഥി എംവി ഗോവിന്ദന്റെ ബൂത്തിൽ കള്ളവോട്ട് ചെയ്യാനെത്തിയ ആൾ ഓടി രക്ഷപ്പെട്ടെന്ന് കെ സുധാകരൻ ആരോപിച്ചു. ബിജെപി പ്രവർത്തകരുടെ പരാതിയിലാണ് നെടുങ്കണ്ടത്ത് ഇരട്ടവോട്ട് സംശയിച്ച് തമിഴ്നാട്ടിൽ നിന്നെത്തിയ 14 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

എന്നാൽ മരണാനന്തര ചടങ്ങിനെത്തിയതാണെന്ന് കസ്റ്റഡിയിലായവർ വിശദീകരണം നൽകി. പരാതിയിൽ പൊലീസ് അന്വേഷണം നടത്തുകയാണ്. കള്ളവോട്ട് ആരോപിച്ച് ഇടുക്കി കമ്പം മേട്ടിലും തമിഴ്നാട്ടിൽ നിന്നെത്തിയ വാഹനം യുഡിഎഫ് പ്രവർത്തകർ തടഞ്ഞു.

ഉടുമ്പൻചോലയിൽ വ്യാപകമായി കള്ളവോട്ട് നടക്കുകയാണെന്ന് ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ആരോപിച്ചു.

By Divya