Mon. Dec 23rd, 2024
കൊച്ചി:

ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ശബരിമല കര്‍മസമിതിയുടെ പേരില്‍ പോസ്റ്ററുകള്‍. തൃപ്പൂണിത്തുറയിലാണ് കർമസമിതിയുടെ പേരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ‘ബിജെപിക്ക് വോട്ട് ചെയ്ത് ഇടതിനെ ജയിപ്പിക്കരുത്’ എന്നാണ് പോസ്റ്ററുകളില്‍ എഴുതിയിരിക്കുന്നത്.

മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ഡോ കെഎസ് രാധാകൃഷ്ണന്‍റെ പോസ്റ്ററുകള്‍ക്ക് സമീപത്താണ് ഈ പോസ്റ്റര്‍ പതിച്ചിട്ടുള്ളത്. ക്ഷേത്ര പരിസരത്ത് പോസ്റ്ററുകൾ പതിച്ചതിന് പുറമെ വീടുകളിലും എത്തിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. എന്നാല്‍ തങ്ങളല്ല ഈ പോസ്റ്ററുകള്‍ പതിച്ചതെന്നാണ് ശബരിമല കര്‍മ സമിതി നേതാക്കള്‍ പറയുന്നത്.

വോട്ട് മറിക്കാനുള്ള യുഡിഎഫിന്‍റെ അടവാണിതെന്ന് ബിജെപിയും ആരോപിക്കുന്നു. പോസ്റ്ററിന്‍റെ ഗുണഭോക്താവ് കെ ബാബുവാണെന്നും ബാബുവിനെതിരേ പരാതി നല്‍കുമെന്നും ബി ജെ പി സ്ഥാനാര്‍ത്ഥി ഡോ കെ എസ് രാധാകൃഷ്ണന്‍ പറഞ്ഞു. ഇതിനെതിരെ ശക്തമായ നിലപാട് എടുക്കുമെന്ന് കർമസമിതി നേതാക്കളിൽ ഒരാളായ കെ എസ് രാധാകൃഷ്ണൻ പറയുന്നു.

ഇടതു മുന്നണി സ്ഥാനാര്‍ത്ഥി എം സ്വരാജും യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബാബുവും തമ്മില്‍ ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലമാണ് തൃപ്പൂണിത്തുറ. ബിജെപി വോട്ടുകള്‍ സ്വന്താക്കാനുള്ള യുഡിഎഫ് ശ്രമമാണിതെന്നാണ് ബിജെപിയുടെ ആരോപണം. ബിജെപിയ്ക്ക് വോട്ട് ചെയ്ത് സിപിഎമ്മിനെ വിജയിപ്പിക്കരുത് എന്നാണ് ശബരിമല കര്‍മസമിതിയുടെ പേരിലുള്ള പോസ്റ്ററുകള്‍ പറയുന്നത്.

ഇതോടെ ബിജെപി കോണ്‍ഗ്രസ് വോട്ടുകച്ചവടം എന്ന ആരോപണം എല്‍ഡിഎഫ് ഉര്‍ത്തിക്കഴിഞ്ഞു. ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തിലായിരുന്നു ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെയുള്ള സമരങ്ങള്‍ നടന്നത്. ബിജെപിയോടും സംഘപരിവാര്‍ സംഘടനകളോടും ചേര്‍ന്ന് നിന്നായിരുന്നു അന്ന് ഇവരുടെ സമരങ്ങളും പ്രതിഷേധങ്ങളും.

ശബരമില കര്‍മസമിതിയുടെ ചുമതലക്കാരന്‍ കൂടിയാണ് ബിജെപി സ്ഥാനാര്‍ത്ഥിയായ കെഎസ് രാധാകൃഷ്ണന്‍. ഇതും എല്‍ഡിഎഫ് ഉയര്‍ത്തിക്കാണിക്കുന്നുണ്ട്.

By Divya