Mon. Nov 25th, 2024
തിരുവനന്തപുരം:

 
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ ധനകാര്യ വകുപ്പ് മന്ത്രി ടി എം തോമസ് ഐസക്ക്. സംസ്ഥാനം നേരിടുന്ന ഗുരുതരമായ മാലിന്യപ്രശ്‌നമായി മാറിയിരിക്കുകയാണ് പ്രതിപക്ഷ നേതാവിന്റെ പത്രസമ്മേളനങ്ങള്‍ എന്നാണ് ഐസക്ക് പറഞ്ഞത്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ചെന്നിത്തല നുണകള്‍ ആവര്‍ത്തിക്കുകയാണെന്നും തോമസ് ഐസക്ക് പറഞ്ഞു. ഇന്ന് നടത്തിയ പത്ര സമ്മേളനത്തില്‍ വൈദ്യുതി ബോര്‍ഡ് അദാനിയുമായി നേരിട്ട് വൈദ്യുതി വാങ്ങുന്നതിനുള്ള തീരുമാനം രേഖപ്പെടുത്തിയതായി ഡയരക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ചേര്‍ന്ന മിനുട്ട്‌സില്‍ രേഖപ്പെടുത്തിയതായി ചെന്നിത്തല നടത്തി പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു ഐസക്ക്.

ഏപ്രില്‍, മെയ് മാസങ്ങളിലെ വരള്‍ച്ചയെ അതിജീവിക്കുന്നതിനായി ജിഎംആര്‍ എനര്‍ജി ട്രേഡിംഗ് ലിമിറ്റഡ്, അദാനി എന്റര്‍പ്രൈസസ്, പിടിസി ഇന്ത്യാ ലിമിറ്റഡ് എന്നിവരുമായി ലേലം കൊള്ളുകയാണുണ്ടായത്. അത് സാധാരണ കാര്യമാണെന്നും അതില്‍ നിന്ന് അദാനിയുടെ പേര് മാത്രം ചൂണ്ടിയെടുത്ത് നട്ടാല്‍കുരുക്കാത്ത നുണകള്‍ പ്രതിദിനം പടച്ചു വിടുകയാണ് പ്രതിപക്ഷ നേതാവെന്നും തോമസ് ഐസക്ക് പറഞ്ഞു.

അദാനിയുമായി കരാറുണ്ടാക്കിയ കാര്യം അറിയില്ലെന്നല്ല, അങ്ങനെയൊരു കരാറേ ഉണ്ടാക്കിയില്ലെന്നാണ് എം എം മണി വ്യക്തമാക്കിയതെന്നും ഐസക്ക് കൂട്ടിച്ചേര്‍ത്തു.