Sat. Apr 27th, 2024
ഗുവാഹത്തി:

 
അസമിലെ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങളില്‍നിന്ന് ബിജെപി നേതാവ് ഹിമന്ത ബിശ്വ ശര്‍മ്മയെ വിലക്കിയതിന് പിന്നാലെ പൊലീസുദ്യോഗസ്ഥനായ അദ്ദേഹത്തിന്റെ സഹോദരനു നേരെയും കര്‍ശന നടപടിയെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്‍.

ഹിമന്ത ബിശ്വ ശര്‍മയുടെ സഹോദരനും ഗോള്‍പാറ പൊലീസ് സൂപ്രണ്ടുമായ സുശാന്ത ബിശ്വ ശര്‍മയെ ജില്ലയില്‍ നിന്ന് തന്നെ സ്ഥലം മാറ്റിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു. അദ്ദേഹത്തെ പൊലീസ് ആസ്ഥാനത്ത് അനുയോജ്യമായ ഏതെങ്കിലും തസ്തികയിലേക്ക് സ്ഥലം മാറ്റാനാണ് കമ്മീഷന്റെ ഉത്തരവ്.

സുശാന്തയ്ക്ക് പകരം ഐപിഎസ് ഓഫീസര്‍ വീര വെങ്കട രാഗേഷ് റെഡ്ഡിയ്ക്ക് പകരം ചുമതല നല്‍കിയിട്ടുണ്ട്. ഈ ഉത്തരവ് ഉടന്‍തന്നെ പ്രാബല്യത്തില്‍ വരുത്താനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്റെ നടപടി. ഏപ്രില്‍ ആറിനാണ് അസമില്‍ അവസാനഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് ഹിമന്ത ബിശ്വ ശര്‍മ്മയെ രണ്ട് ദിവസത്തേക്ക് തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ നിന്ന് കമ്മീഷന്‍ വിലക്കിയത്. മാധ്യമങ്ങളോട് സംസാരിക്കുന്നതിനും, അഭിമുഖങ്ങള്‍ നല്‍കുന്നതിലും വിലക്കുണ്ട്.

ദേശീയ അന്വേഷണ ഏജന്‍സിയെ ദുരുപയോഗം ചെയ്ത് ബോഡോലാന്റ് പീപ്പിള്‍സ് ഫ്രണ്ട് (ബിപിഎഫ്) മേധാവി ഹഗ്രാമ മൊഹിലരിയെ ജയിലിലേക്ക് അയക്കുമെന്ന് വെല്ലുവിളിച്ചതിനാണ് ഹിമന്ത വിശ്വയ്ക്ക് നേരെ കമ്മീഷന്‍ നടപടിയെടുത്തത്.

അസം നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഫെബ്രുവരി 26 ന് ഏര്‍പ്പെടുത്തിയ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ച് ഹിമന്ത ബിശ്വ ശര്‍മ്മയ്ക്ക് നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കിയിരുന്നു.