ന്യൂഡൽഹി:
ഡൽഹി ലോധി റോഡിലെ ലാൽ മസ്ജിദ് പൊളിച്ചുനീക്കാൻ കേന്ദ്രസേനയുടെ നീക്കം. ഇതിന്‍റെ ഭാഗമായി പള്ളി കാലിയാക്കാൻ ഇമാമിനോട് പൊലീസ് ആവശ്യപ്പെട്ടു. സ്വാതന്ത്ര്യലബ്ധിക്ക് മുൻപേ മുസ്ലിംകൾ ആരാധന നടത്തിവരുന്ന മസ്ജിദ് പൊളിച്ച് വഖഫ് ഭൂമി കൈയേറി അർധസൈനിക വിഭാഗത്തിന് ഓഫിസുകളും ബാരക്കുകളും പണിയാനാണ് ശ്രമം. ഇതനുവദിക്കില്ലെന്ന് ഡൽഹി വഖഫ് ബോർഡ് വ്യക്തമാക്കി.
നിസാമുദ്ദീൻ, ലോധി റോഡ് പൊലീസ് സ്റ്റേഷനുകളിലെ എസ് എച്ച് ഒമാർ നേരിട്ട് വന്നാണ് ലാൽമസ്ജിദ് ഇമാമിനോട് പള്ളി കാലിയാക്കാൻ ആവശ്യപ്പെട്ടത്. വിവരമറിഞ്ഞ് ലാൽ മസ്ജിദിലെത്തിയ ഡൽഹി വഖഫ് ബോർഡ് ചെയർമാൻ അമാനതുല്ലാ ഖാൻ പൊലീസ് നീക്കം അനുവദിക്കില്ലെന്നും സിആർപിഎഫ് നടപടിക്കെതിരെ ഹൈകോടതിയെ സമീപിക്കുമെന്നും അറിയിച്ചു.
ഇതിന് മുമ്പും ലാൽ മസ്ജിദ് തകർക്കാർ സിആർപിഎഫ് ശ്രമം നടത്തിയതാണെന്ന് അമാനതുല്ലാ ഖാൻ പറഞ്ഞു. വഖഫ് ട്രൈബ്യൂണലിൽ കേസ് നടന്നുകൊണ്ടിരിക്കുന്ന പഴയ പള്ളി പൊളിച്ചുനീക്കാൻ എങ്ങിനെ സാധ്യമാകുമെന്ന് അദ്ദേഹം ചോദിച്ചു. ഡൽഹിയിലെ പള്ളികൾ തകർക്കാനും ഖബർസ്ഥാനുകൾ കൈയാറാനുമുള്ള പദ്ധതി ഉപേക്ഷിക്കണമെന്ന് ലഫ്റ്റനൻറ് ഗവർണറോടും ഖാൻ ആവശ്യപ്പെട്ടു.