Tue. Mar 19th, 2024
കണ്ണൂര്‍:

പെരിയ ഇരട്ടക്കൊലക്കേസിൽ റിമാൻഡിൽ തുടരുന്ന 11 പ്രതികളേയും സിബിഐ ചോദ്യം ചെയ്തു. കണ്ണൂർ സെൻട്രൽ ജയിലിലായിരുന്നു മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യൽ. പ്രതികൾ പരസ്പര വിരുദ്ധമായ മൊഴികളാണ് നൽകിയതെന്നാണ് സൂചന. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനേയും കൃപേഷിനേയും വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതികളായ 11 പേരെയാണ് സിബിഐ ഉദ്യോഗസ്ഥർ കണ്ണൂർ സെൻട്രൽ ജയിലിൽ ചോദ്യം ചെയ്തത്.

കോടതി അനുമതിയോടെയായിരുന്നു ചോദ്യം ചെയ്യൽ. ആദ്യ 3 പ്രതികളായ സിപിഎം ലോക്കൽ കമ്മിറ്റി അംഗം എ പീതാംബരൻ, സിജെ സജി, കെഎം സുരേഷ് എന്നിവരെ ചൊവ്വാഴ്ചയും നാല് മുതൽ 11 വരെയുള്ള പ്രതികളെ ഇന്നലെയും ചോദ്യം ചെയ്തു. പീതാംബരന്‍റെ പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതികൾ മൊഴി നൽകിയത്. എന്നാൽ കൊലപാതകം നടക്കുന്നതിന് മുമ്പും ശേഷവുമുള്ള സംഭവവികാസങ്ങളെക്കുറിച്ച് മൊഴികളിൽ വൈരുധ്യമുണ്ടായി.

തുടർന്ന് ഇന്ന് 11 പ്രതികളേയും വീണ്ടും ചോദ്യം ചെയ്തു. ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ കണ്ടെത്തലുകൾ, കുറ്റപത്രത്തിലെ വിവരങ്ങൾ, സി ബി ഐ അന്വേഷണത്തിൽ കിട്ടിയ വിവരങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. കേസിൽ പ്രതികളായ സിപിഎം മുൻ ഏരിയ സെക്രട്ടറി ഉൾപ്പെടെയുള്ളവരെ നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇപ്പോൾ കിട്ടിയ മൊഴികളുടെ അടിസ്ഥാനത്തിൽ ഗൂഢാലോചന സംബന്ധിച്ച കൂടുതൽ അന്വേഷണത്തിലേക്ക് നീങ്ങാനാണ് സിബിഐ നീക്കം.

By Divya