Wed. Nov 6th, 2024
ഇടുക്കി:

കെഎസ്ഇബി-അദാനി കരാർ സംബന്ധിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഴിമതി ആരോപണം നിഷേധിച്ച് വൈദ്യുതി മന്ത്രി എം എം മണി. വൈദ്യുതി വാങ്ങുന്നതിന് അദാനിയുമായി കെഎസ്ഇബിയോ സർക്കാരോ കരാറുണ്ടാക്കിയിട്ടില്ലെന്ന് എം എം മണി പറഞ്ഞു. കേന്ദ്ര സർക്കാറിന്‍റെ നിർദ്ദേശ പ്രകാരമാണ് പുറമേ നിന്ന് വൈദ്യുതി വാങ്ങുന്നത്.

വൈദ്യുതി വാങ്ങുന്നത് പൊതുമേഖലയിൽ നിന്ന് മാത്രമാണ്. ഒരു സ്വകാര്യ കമ്പനിയുമായും കെഎസ്ഇബിക്ക് കരാറില്ലെന്നും എം എം മണി വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് തെറ്റിദ്ധാരണ പരത്തുകയാണ്. ചെന്നിത്തലക്ക് സമനില തെറ്റിയെന്നും എം എം മണി ആരോപിച്ചു. അദാനിയുടെ കമ്പനിയിൽ നിന്ന്​ വൈദ്യൂതി വാങ്ങാൻ കെഎസ്​ഇബിയുണ്ടാക്കിയ കരാറിൽ വൻ അഴിമതിയെന്ന ആരോപണവുമായി​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തലയാണ് രംഗത്തെത്തിയത്.

നിലവിൽ യൂണിറ്റിന്​ 2 രൂപ നിരക്കിൽ സോളാർ വൈദ്യൂതി ലഭിക്കുമെന്നിരിക്കെ, 2.86 രൂപ നിരക്കിൽ അദാനിയിൽ നിന്ന്​ 25 വർഷം വൈദ്യൂതി വാങ്ങാനാണ്​ കരാർ. 25 വർഷത്തേക്കുള്ള 8,850 കോടിയുടെ കരാറാണിത്​. ഇതുകൊണ്ട്​​ 1,000 കോടിയുടെ ലാഭമെങ്കിലും അദാനിയുടെ കമ്പനിയുണ്ടാക്കുമെന്നും രമേശ്​ ചെന്നിത്തല ആരോപിച്ചിരുന്നു.

By Divya