Mon. Dec 23rd, 2024
കണ്ണൂര്‍:

തലശ്ശേരിയിൽ വോട്ട് കച്ചവടം പതിവാണെന്ന് വിശദീകരിച്ച് കോടിയേരി ബാലകൃഷ്ണൻ. ഒരു വിഭാഗം വോട്ട് യുഡിഎഫിന് ചെയ്യുന്ന ശീലം തലശ്ശേരിയിലുണ്ട്. അന്ധമായ മാർക്സിസ്റ്റ് വിരോധം ബിജെപിയും അത് മുതലെടുക്കാൻ യുഡിഎഫും ശ്രമിക്കുന്നതിന്‍റെ ഫലമായാണ് തലേശേരിയിലെ ധാരണയെന്നും കോടിയേരി പറഞ്ഞു.

മുഖ്യമന്ത്രി കേരളത്തിൽ പാർട്ടി എടുക്കുന്ന തീരുമാനങ്ങളാണ് നടപ്പാക്കുന്നത്. ക്യാപ്റ്റൻ എന്ന പ്രയോഗം പാർട്ടി മുന്നോട്ട് വെച്ചതല്ല. ജനങ്ങൾ ആണ് അത്തരം പ്രയോഗങ്ങൾ നടത്തുന്നത്. ജനകീയ ഇടപെടലിന്‍റെ ഭാഗമായി കണ്ടാൽ മതി. പാർട്ടിയും എൽഡിഎഫും എടുക്കുന്ന തീരുമാനമാണ് മുഖ്യമന്ത്രി നടപ്പാക്കിയതെന്നും കോടിയേരി വിശദീകരിച്ചു.

ഇ പി ജയരാജന്‍റേത് വ്യക്തിപരമായ നിലപാടാണ്. എന്നാൽ പാർട്ടിയാണ് ഇക്കാര്യത്തിൽ എല്ലാം തീരുമാനം എടുക്കുക. ഐ ഫോണിൻ്റെ കാര്യം അന്വേഷണത്തിൽ തെളിഞ്ഞില്ലേ. വിനോദിനി ഉപയോഗിക്കുന്നത് വില കൊടുത്ത് വാങ്ങിയതാണ്. ആരോപണങ്ങൾ വന്നാൽ പകച്ച് വീട്ടിൽ പനി പിടിച്ചു കിടക്കാൻ ഞങ്ങളെ കിട്ടില്ല. ഇനിയും ആരോപണം വന്നേക്കാം. വന്നാൽ അതും നേരിടുമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

By Divya