Mon. Dec 23rd, 2024
കണ്ണൂർ:

ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ മരിച്ച സിപിഎം നേതാവ് പികെ കുഞ്ഞനന്തൻ്റെ പേരും വോട്ടർ പട്ടികയിൽ. ഇദ്ദേഹത്തിൻ്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് മാറ്റിയില്ലെന്ന് പരാതിപ്പെട്ടയാൾക്ക് മറുപടി ലഭിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നാണ് മറുപടി കിട്ടിയത്.

കൂത്തുപറമ്പ് മണ്ഡലത്തിലെ 75 ാം നമ്പര്‍ ബൂത്തിലെ വോട്ടര്‍ പട്ടികയിലാണ് കുഞ്ഞനന്തൻ്റെ പേരുള്ളത്. മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയിലാണ് വിവരം പുറത്ത് വന്നത്. 2020 ജൂണിലാണ് അദ്ദേഹം മരണപ്പെടുന്നത്.

എന്നാല്‍ ഫീല്‍ഡ് വെരിഫിക്കേഷനില്‍ ഈ പേരിലുള്ള വോട്ടര്‍ ജീവിച്ചിരിക്കുന്നുണ്ടെന്നാണ് മനസ്സിലായതെന്നും പരാതി തള്ളുന്നതായും തിരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിച്ചു. വയറ്റിലെ അണുബാധ മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്നാണ് പി കെ കുഞ്ഞനന്തൻ അന്തരിച്ചത്. സിപിഎം ഏരിയാ കമ്മിറ്റി അംഗമായിരുന്നു.

ടിപി വധക്കേസിലെ പതിമൂന്നാം പ്രതിയായിരുന്നു കുഞ്ഞനന്തൻ. 2014 ജനുവരി 24 നാണ് ഗൂഢാലോചന കുറ്റത്തിന് കുഞ്ഞനന്തനെ വിചാരണ കോടതി ജീവപര്യന്തം തടവിനും 1ലക്ഷം രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചത്. ജയിൽ വാസം അനുഭവിക്കുന്നതിനിടെയാണ് ഏരിയാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കൊലക്കേസിൽ കുഞ്ഞനന്തന് പങ്കില്ലെന്ന നിലപാടാണ് സിപിഎം സ്വീകരിച്ചിരുന്നത്

By Divya