ന്യൂഡൽഹി:
തമിഴ് നടൻ രജനീകാന്തിന് അമ്പത്തിയൊന്നാമത് ദാദാ സാഹിബ് ഫാൽകെ പുരസ്കാരം. കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കറാണ് പുരസ്കാരം പ്രഖ്യാപിച്ചത്. തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടല്ല പ്രഖ്യാപനമെന്നും ജാവദേക്കർ പറഞ്ഞു.
ഇന്ത്യൻ സിനിമയിലെ പരമോന്നത പുരസ്കാരമാണ് ദാദാ സാഹിബ് ഫാൽകെ പുരസ്കാരം. ദക്ഷിണേന്ത്യയിൽ നിന്ന് പുരസ്കാരം ലഭിക്കുന്ന 12ാമത്തെ നടനാണ് രജനീകാന്ത്. 1996ൽ ശിവാജി ഗണേശന് ലഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഒരു ദക്ഷിണേന്ത്യൻ നടന് പുരസ്കാരം ലഭിക്കുന്നത്. മോഹൻലാൽ, ശങ്കർ മഹാദേവൻ, ആശ ഭോസ്ല എന്നിവരുൾപ്പെട്ട ജൂറിയാണ് പുരസ്കാരം നിർണയിച്ചത്.
തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രജനീകാന്തിന് പുരസ്കാരം നൽകിയതെന്നതും ശ്രദ്ധേയമാണ്. നേരത്തെ രജനീകാന്ത് രാഷ്ട്രീയപാർട്ടി രൂപീകരിച്ച് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങാൻ തീരുമാനിച്ചിരുന്നു. ബിജെപിയുമായി രജനീകാന്ത് സഹകരിക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.