കായംകുളത്ത്‌ പോസ്റ്റല്‍ വോട്ടിനൊപ്പം പെന്‍ഷന്‍ വിതരണമെന്ന് പരാതി

തപാൽ വോട്ട് ചെയ്യിക്കാനെത്തിയ ഉദ്യോഗസ്ഥരോടൊപ്പം ബാങ്ക് ജീവനക്കാരനെത്തി പെൻഷനും നൽകിയെന്നാണ് പരാതി. വോട്ടറെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് കളക്ടര്‍

0
105
Reading Time: < 1 minute

കായംകുളം:

കായംകുളത്ത് വോട്ടറെ സ്വാധീനിക്കാൻ ശ്രമമെന്ന് പരാതി. തപാൽ വോട്ട് ചെയ്യിക്കാനെത്തിയ ഉദ്യോഗസ്ഥരോടൊപ്പം ബാങ്ക് ജീവനക്കാരനെത്തി പെൻഷനും നൽകി. സംഭവത്തിന്റെ വീഡിയോ യുഡിഎഫ് പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

‘രണ്ടു മാസത്തെ പെന്‍ഷനാണിത്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ അടുത്ത മാസം മുതല്‍ പെന്‍ഷന്‍ 2500 രൂപയാണ്’ എന്ന് പെന്‍ഷന്‍ കൈമാറിയ ശേഷം സഹകരണ ബാങ്ക് ജീവനക്കാരന്‍ വയോധികയോട് പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്.

കായംകുളം നഗരസഭയിലെ 77 ബൂത്തിലാണ് ഗുരുതര ചട്ടലംഘനം നടന്നെന്ന പരാതി ഉയർന്നത്. ചേരാവള്ളി തോപ്പില്‍ വീട്ടിലാണ് സംഭവം. തപാല്‍ വോട്ട് ചെയ്യാനെത്തിയ ദിവസം തന്നെ  പെന്‍ഷന്‍ വിതരണമോ എന്ന് വീട്ടുകാര്‍ ചോദിക്കുന്നതും പുറത്തുവന്ന വീ‍ഡിയോയില്‍ ഉണ്ട്.

ബാങ്ക് ജീവനക്കാരനെ കൂടാതെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും പെൻഷൻ നൽകാൻ വീടുകളിൽ കയറിയിറങ്ങുന്നുണ്ടെന്ന് കോൺഗ്രസ് ആരോപിക്കുന്നു. സംഭവത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് ആലപ്പുഴ ജില്ലാ കളക്ടർക്കും തിരഞ്ഞെടുപ്പ് കമ്മീഷനും യുഡിഎഫ് പരാതി നൽകി. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

 

Advertisement