പെരിയ:
പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളെ സിബിഐ സംഘം ഇന്നുമുതൽ ജയിലിൽ ചോദ്യം ചെയ്യും. മുഖ്യപ്രതി പീതാംബരനടക്കം 11 പ്രതികളെയാണ് ജയിലിൽ ചോദ്യം ചെയ്യുക. പ്രതികളെ ചോദ്യം ചെയ്യാൻ കഴിഞ്ഞദിവസമാണ് കോടതി അന്വേഷണസംഘത്തിന് അനുമതി നൽകിയത്.
മൂന്നുദിവസം നീളുന്ന ചോദ്യം ചെയ്യലാണ് കണ്ണൂർ സെൻട്രൽ ജയിലിൽ സിബിഐ. ഇന്ന് തുടക്കമിടുന്നത്. പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാൽ, കൃപേഷ് എന്നിവർ കൊല്ലപ്പെട്ട കേസിൽ ആദ്യംതന്നെ പ്രതിചേർക്കപ്പെട്ടവരാണ് ഇവരെല്ലാം. പ്രവർത്തി ദിവസങ്ങളിൽ രാവിലെ മുതൽ വൈകിട്ടുവരെ ചോദ്യം ചെയ്യാനാണ് കോടതി അനുമതി നൽകിയിരിക്കുന്നത്. സിബിഐ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ.
തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നു എന്ന് പറഞ്ഞു ക്രൈംബ്രാഞ്ച് പ്രതിചേർത്ത സിപിഎം നേതാക്കളെ അന്വേഷണസംഘം കഴിഞ്ഞ ദിവസം ചോദ്യംചെയ്തിരുന്നു. സിപിഎം ഉദുമ മുൻ ഏരിയ സെക്രട്ടറിയായിരുന്ന കെ മണികണ്ഠൻ, പെരിയ ലോക്കൽ സെക്രട്ടറി എൻ.ബാലകൃഷ്ണൻ, പെരിയ സ്വദേശിയായ മറ്റൊരാൾ എന്നിവരെയാണ് അന്വേഷണസംഘം ചോദ്യം ചെയ്തത്. ഇരട്ടക്കൊലകേസിൽ മണികണ്ഠനും ബാലകൃഷ്ണനും ജാമ്യം ലഭിച്ചിട്ടുണ്ട്.