Thu. Jan 23rd, 2025
തിരുവനന്തപുരം:

ലൗ ജിഹാദ്​ ഭാവനാസൃഷ്​ടിയെന്ന്​ നിരണം ഭദ്രസനാധിപൻ ഡോ ഗീവർഗീസ്​ മാർ കുറിലോസ്​. ലൗ ജിഹാദ്​ പരിശോധിക്കണമെന്ന​ ജോസ്​ കെ മാണിയുടെ ​പ്രസ്​താവന സംബന്ധിച്ചും ​ക്രൈസ്തവ വിശ്വാസികൾക്കിടയിൽ നടക്കുന്ന വിദ്വേഷ പ്രചരണങ്ങൾ സംബന്ധിച്ചും പ്രതികരിക്കുകയായിരുന്നു യാക്കോബായ സഭയിലെ ഡോ ഗീവർഗീസ്​.

ക്രൈസ്​തവ വിഭാഗങ്ങൾക്ക്​ സംഘ്​പരിവാറുമായി ചേർന്നു പോകാനാകില്ല. ഇത്തരം പദ്ധതികളിൽ ന്യൂനപക്ഷങ്ങൾ വീഴരുതെന്ന്​ അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങൾ ഒരുമിച്ച്​ നിൽക്കേണ്ട കാലമാണിത്​. ഫാഷിസത്തിനെതിരെ ഇരകൾ ഒരുമിച്ചു നിൽക്കുകയാണ്​ വേണ്ടത്​.

ഇരകളെ ഭിന്നിപ്പിക്കുക എന്നത്​ ഫാഷിസ്റ്റ്​ അജണ്ടയാണ്​. ഇടതുപക്ഷം പോലും ഇത്തരം നീക്കങ്ങളോട്​ സമരസപ്പെടുകയും വിട്ടുവീഴ്ച ചെയ്യുകയും ചെയ്യുന്നുവെന്നത്​ ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യധാരാ പാർട്ടികളിൽ ഇടതുപക്ഷ സ്വഭാവമുള്ളവ ഇനി അവശേഷിക്കു​ന്നുണ്ടോ എന്ന്​ സംശയമാണ്​.

കോൺ​ഗ്രസിന്‍റെ നയങ്ങൾ നടപ്പാക്കുകയാണ്​ സിപിഎം അടക്കമുള്ളവർ ചെയ്യുന്നത്​. ഇത്​ കോൺഗ്രസ്​ നേരിടുന്ന സ്വത്വ പ്രതിസന്ധിയാണ്​. കോർപറേറ്റ്​ യുക്​തി കാര്യക്ഷമമായി നടപ്പാക്കുകയാണ്​ എൽഡിഎഫ്​ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. സാധ്യത വിദൂരമാണെങ്കിലും പുതിയ ഒരു ഇടതുപക്ഷം ഉദയം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

By Divya