Fri. Nov 22nd, 2024

കേരളത്തിന്റെ വ്യാവസായിക തലസ്ഥാനമായ എറണാകുളം ജില്ലയുടെ ഹൃദയഭാഗമാണ് എറണാകുളം നിയമസഭ മണ്ഡലം. കൊച്ചി കോർപ്പറേഷനിലെ 24 ഡിവിഷനുകളും ചേരാനല്ലൂർ പഞ്ചായത്തും ചേരുന്നതാണ് ഈ മണ്ഡലം.

1957-ൽ മണ്ഡല രൂപീകരണത്തിനുശേഷം രണ്ടായിരത്തി പതിനൊന്നു വരെ പതിനാലു തിരഞ്ഞെടുപ്പുകളും രണ്ടു ഉപതിരഞ്ഞെടുപ്പുകളും നടന്ന ഇവിടെ പതിനാലു തവണ കോൺഗ്രസ് മണ്ഡലം കയ്യടക്കിപ്പോൾ ആകെ രണ്ടു തവണ മാത്രമാണ് ഇടതുപക്ഷത്തിന് വിജയിക്കാനായത്. ഇടത് സ്വതന്ത്രന്മാരായി മത്സരിച്ച എം കെ സാനുവിലൂടെ 1987-ലും 1998-ൽ സെബാസ്റ്റ്യൻ പോളിലൂടെയുമായിരുന്നു ആ വിജയങ്ങൾ.

ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലെ ജയത്തെത്തുടർന്ന് സിറ്റിങ് എംഎൽഎയായിരുന്ന ഹൈബി ഈഡൻ രാജിവെച്ച ഒഴിവിലാണ് എറണാകുളത്ത് നിയമസഭ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതും ഡിസിസി പ്രസിഡന്റും ഡെപ്യൂട്ടി മേയറുമായിരുന്ന ടിജെ വിനോദ് മത്സരിക്കുന്നതും. ഹൈബി ഈഡന് പി.രാജീവിനെതിരെ ലോക്സഭയിലേക്ക് 1,37,749 വോട്ടിന്റെ ഭൂരിപക്ഷം നേടാനായപ്പോൾ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിലെ മനു റോയിക്കെതിരെ ടി.ജെ. വിനോദിന് 3,750 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് ലഭിച്ചത്.

ഇത്തവണയും ടി ജെ വിനോദിൽ തന്നെയാണ് യുഡിഎഫ് പ്രതീക്ഷയർപ്പിച്ചിരിക്കുന്നത്. സ്വതന്ത്രരിലൂടെ രണ്ട് തവണ മണ്ഡലത്തിൽ വിജയിച്ച ചരിത്രം ഇത്തവണ ആവർത്തിക്കാനാവുമെന്ന പ്രതീക്ഷയിൽ എൽഡിഎഫിൽനിന്ന് ലത്തീന്‍ സമുദായ നേതാവും കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ വൈസ് പ്രസിഡന്റുമായ ഷാജി ജോർജും. എൻഡിഎ സ്ഥാനാർത്ഥിയായി ബിജെപി യുടെ മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയായ പദ്മജ എസ് മേനോനാണ് ജനവിധി തേടുന്നത്.

മുൻ തിരഞ്ഞെടുപ്പുകൾക്ക് വിപരീതമായി മുഖ്യധാരാ പാർട്ടികൾക്ക് പുറമെ ജില്ലയിൽ തുടക്കമിട്ട V4 കൊച്ചി കൂട്ടായ്മയുടെ സ്ഥാനാർത്ഥിയായി സുജിത് സി സുകുമാരനും ട്വന്റി 20 സ്ഥാനാർത്ഥിയായി ലെസ്‌ലി പള്ളത്തും മത്സരരംഗത്തുണ്ട്.

മെട്രോ റെയിൽ ഉൾപ്പെടെയുള്ള വലിയ വികസനങ്ങൾ നടപ്പിലായിട്ടുണ്ടെങ്കിലും നഗരത്തിന്റെയും ഗ്രാമത്തിന്റെയും ചേരിപ്രദേശത്തിന്റെയും സ്വഭാവം ഉൾക്കൊള്ളുന്ന പ്രദേശമാണ് എറണാകുളം മണ്ഡലം. നഗര വികസനവും, വെള്ളക്കെട്ടും, ഗതാഗത പ്രശ്നങ്ങളും, മാലിന്യ സംസ്കരണവും, കുടിവെള്ള പ്രശ്നവുമൊക്കെയായിരിക്കും തിരഞ്ഞെടുപ്പ് ചർച്ചകളിലെ പ്രധാന വിഷയങ്ങൾ.

യുഡിഎഫിനു മേല്‍ക്കൈയുണ്ടെന്നു പറയാമെങ്കിലും ട്വന്റി-20, വി ഫോര്‍ കൊച്ചി കൂട്ടായ്‌മകള്‍ ഇരുമുന്നണികളുടെയും കാര്യമായ വോട്ടുകൾ ചോർത്താനാണ് സാധ്യത. കഴിഞ്ഞ കോര്‍പറേഷന്‍ തിര‍ഞ്ഞെടുപ്പില്‍ മത്സരിച്ച V4 കൊച്ചി 10 ശതമാനം വോട്ട് നേടിയിരുന്നത് എടുത്തുപറയേണ്ട കാര്യമാണ്. അതുപോലെ ബിജെപിയുടെ വോട്ടുകൾ വർദ്ധിച്ച് 15 ശതമാനത്തോളം എത്തിയെന്നതും 2020-ലെ തിരഞ്ഞെടുപ്പിൽ കോർപ്പറേഷനിൽ കൂടുതൽ ഡിവിഷനുകളിൽ വിജയിച്ചെന്നതും പ്രാധാന്യമുള്ള കാര്യമാണ്.

2016-ലെ നിയമസഭ തിരഞ്ഞെടുപ്പിലെ യുഡിഎഫ് ഭൂരിപക്ഷം 2019-ൽ കാര്യമായി കുറയ്ക്കാനായത് ഇടതു മുന്നണി നേട്ടമായാണ് കാണുന്നത്. കൂടാതെ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ 10 വർഷത്തോളമായി യുഡിഎഫിന്റെ അധികാരത്തിലിരുന്ന കോർപ്പറേഷൻ ഭരണം പിടിച്ചെടുക്കാനായത് ഈ തിരഞ്ഞെടുപ്പിലെ വിജയ സാധ്യതയായാണവർ കാണുന്നത്. ഓഖി മുതൽ കൊവിഡ് വരെയുള്ള പ്രതിസന്ധികളെ അതിജീവിക്കുന്നതിൽ പിണറായി വിജയൻ സർക്കാരിന് കഴിഞ്ഞെന്നും തുടർഭരണ സാധ്യതയിൽ മണ്ഡലം ഇടതിനനുകൂലമാവും എന്നുമാണ് എൽഡിഎഫ് പറയുന്നത്.

എന്നാൽ യുഡിഎഫ് അനുകൂല മണ്ഡലമാണെന്നും ഉപതിരഞ്ഞെടുപ്പിനേക്കാൾ മികച്ച വിജയം നേടി മണ്ഡലം നിലനിർത്തുമെന്നുമാണ് യുഡിഎഫ് വാദം.

എന്തായാലും ജനപിന്തുണ ഉള്ള അഞ്ച് സ്ഥാനാർത്ഥികൾ തമ്മിലുള്ള മത്സരം എറണാകുളം മണ്ഡലത്തെ സംബന്ധിച്ചിടത്തോളം എല്ലാ പാർട്ടികൾക്കും നിർണായകമാണ്.