അരനൂറ്റാണ്ടിനു ശേഷം രണ്ട് വനിതകളുടെ വീറുറ്റ പോരാട്ടത്തിന് വേദിയാകുന്ന മണ്ഡലമാണ് ആലപ്പുഴ ജില്ലയിലെ അരൂർ മണ്ഡലം. യുഡിഎഫിനായി നിലവിലെ എംഎല്‍എ ഷാനിമോള്‍ ഉസ്മാനും എല്‍ഡിഎഫിനായി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ദലീമ ജോജോയുമാണ് കളത്തില്‍. ചേർത്തല താലൂക്കിൽ ഉൾപ്പെടുന്ന അരൂക്കുറ്റി, അരൂർ, ചേന്നം പള്ളിപ്പുറം, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, പാണാവള്ളി, പെരുമ്പളം, തൈക്കാട്ടുശ്ശേരി, തുറവൂർ എന്നീ പഞ്ചായത്തുകൾ ചേർന്നതാണ് ഈ മണ്ഡലം.
1957 മുതൽ 2011 വരെ നടന്ന പതിനാലു തിരഞ്ഞെടുപ്പുകളിൽ പത്തു തവണ ഇടതുപക്ഷത്തിനൊപ്പവും നാല് തവണ വലതുപക്ഷത്തും നിന്ന മണ്ഡലമാണ് അരൂർ. കെ ആർ ഗൌരിയമ്മ സിപിഐഎമ്മിൽ ഉണ്ടായിരുന്ന സമയത്ത് ഏഴു തവണയും സിപിഐഎമ്മിൽ നിന്നും വിട്ടു ജെഎസ്എസ് രൂപികരിച്ചതിനു ശേഷം യുഡിഎഫിന് വേണ്ടി രണ്ടു തവണയും മണ്ഡലത്തിൽ നിന്നും വിജയിച്ചു. ഗൗരിയമ്മയെ പരാജയപ്പെടുത്തി സിപിഎമ്മിന്റെ എഎം ആരിഫ് 2006 മുതൽ തുടർച്ചയായി 2019 വരെ നിയമസഭാ പ്രതിനിധിയായി മണ്ഡലത്തെ പ്രതിനിധീകരിച്ചു.
ആരിഫ് 2019-ൽ ലോക്സഭ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെടുകയും ഉപതിരഞ്ഞെടുപ്പ് നടത്തുകയും ലോക്സഭ തിരഞ്ഞെടുപ്പിൽ ആരിഫിനെതിരെ പരാജയപ്പെട്ട യുഡിഎഫിലെ ഷാനിമോൾ ഉസ്മാൻ മണ്ഡലം എൽഡിഎഫിൽ നിന്നും തിരികെ പിടിച്ചു.
ഒന്നര വർഷത്തോളമായി മണ്ഡലത്തിലെ എംഎൽഎ ആയ ഷാനിമോൾ ഉസ്മാൻ തന്നെയാണ് ഇത്തവണ യുഡിഎഫ് സ്ഥാനാർത്ഥി. അരൂർ ജില്ലാ പഞ്ചായത് വൈസ് പ്രസിഡന്റ് ആയ പിന്നണി ഗായിക ദലീമ ജോജോയാണ് എൽഡിഎഫ് സ്ഥാനാർത്ഥി. എൻഡിയെക്കുവേണ്ടി മുൻ തിരഞ്ഞെടുപ്പിലും മത്സരിച്ച ബിഡിജെഎസ്സിൽ നിന്നുള്ള ടി അനിയപ്പനാണു മത്സര രംഗത്ത്.
വേലിയേറ്റം മൂലമുള്ള വെള്ളക്കെട്ട് പ്രശ്നങ്ങളും, കുടിവെള്ള ലഭ്യതക്കുറവും, അടിസ്ഥാന വികസനവും, തൊഴിലാളി ക്ഷേമവുമാണ് മണ്ഡലത്തിൽ ഈ തിരഞ്ഞെടുപ്പിൽ ചർച്ചയാകുന്ന വിഷയങ്ങൾ. ശക്തമായ പോരാട്ടം നടക്കുന്ന അരൂർ മണ്ഡലത്തിൽ ഒന്നര വർഷത്തെ പ്രവർത്തനം മുന്നിൽനിർത്തി സീറ്റ് നിലനിർത്തുവാനുള്ള ശ്രമങ്ങളാണ് യുഡിഎഫ് നടത്തുന്നത്. എന്നാൽ നഷ്ടപ്പെട്ടുപോയ ഇടതു മണ്ഡലം തിരികെപ്പിടിക്കുക എന്ന ശ്രമകരമായ ദൗത്യത്തിലാണ് എൽഡിഎഫ്. ആവേശകരമായ ഈ മത്സരത്തിന്റെ ഫലമറിയാൻ നമുക്ക് കാത്തിരിക്കാം.