Tue. Jan 7th, 2025
തിരുവനന്തപുരം:

സോളാർ പീഡന കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. പീഡനം നടന്നുവെന്ന് പരാതിക്കാരി പറയുന്ന ദിവസം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ഇല്ലായിരുന്നു. പരാതിക്കാരി ക്ലിഫ്ഹൗസിൽ എത്തിയതിന് തെളിവില്ലെന്നും ആഭ്യന്തര-അഡീഷനൽ ചീഫ് സെക്രട്ടറിയായ ടി കെ ജോസിന്‍റെ റിപ്പോർട്ടിൽ പറയുന്നു.

അന്വേഷണത്തിന്‍റെ ഭാഗമായി ഉമ്മൻചണ്ടിയുടെ പേഴ്സണൽ സ്റ്റാഫിനെയും അന്നേദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. കൂടാതെ, പരാതിക്കാരിയുടെ ഡ്രൈവർമാരുടെ മൊഴിയും രേഖപ്പെടുത്തി. പരാതിക്കാരിയുടെ പരാതിയിൽ പറയുന്ന പ്രകാരമുള്ള കാര്യങ്ങൾ സംഭവിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

സിബിഐ അന്വേഷണത്തിന്‍റെ നടപടിക്രമങ്ങൾ പ്രകാരം സംസ്ഥാന ആഭ്യന്തര വകുപ്പ് കേസിന്‍റെ ഇതുവരെയുള്ള സ്ഥിതിവിവര റിപ്പോർട്ട് കേന്ദ്രസർക്കാറിന് നൽകേണ്ടതുണ്ട്. ഈ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് സിബിഐ കേസ് ഏറ്റെടുക്കണമോ എന്ന് തീരുമാനിക്കുന്നത്. ഇതുപ്രകാരം സംസ്ഥാന ആഭ്യന്തര സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിലാണ് ഉമ്മൻചാണ്ടിക്കെതിരെ തെളിവില്ലെന്ന് പറയുന്നത്.

By Divya