മസ്കറ്റ്:
കൊവിഡ് കാലത്ത് കാർഗോ കൈകാര്യം ചെയ്തതിലെ മികവിന് മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് അയാട്ട അംഗീകാരം. ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങളും എളുപ്പം കേടുവരുന്ന (പെരിഷബിൾ) ഉൽപന്നങ്ങളും മികച്ച രീതിയിൽ കൈകാര്യം ചെയ്തതിനുള്ള ‘സിഇഐവി ഫാർമ’, ‘സിഐവി ഫ്രഷ്’ സർട്ടിഫിക്കേഷനുകളാണ് ലഭിച്ചത്. രണ്ട് അംഗീകാരങ്ങളും ഒരുമിച്ച് ലഭിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമാണ് മസ്കറ്റ് ഇൻറർനാഷനൽ എയർപോർട്ട്.
കാർഗോ വിഭാഗം കൈകാര്യം ചെയ്യുന്ന ഒമാൻ എയർ, ട്രാൻസോംസാറ്റ്സ്, ട്രാൻസോം ഹാൻഡ്ലിങ്, സ്വിസ് പോർട്ട്, വിമാനത്താവള ജീവനക്കാർ എന്നിവർക്കുള്ള അംഗീകാരമാണ് അയാട്ടയുടെ സർട്ടിഫിക്കേഷനുകൾ. നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒന്നര വർഷമായി മസ്കത്ത് വിമാനത്താവളത്തിലെ കാർഗോ വിഭാഗം ‘അയാട്ട’യുമായി ചേർന്ന് പ്രവർത്തിച്ചുവരുകയാണ്.
മേഖലയിലെ വ്യോമ ചരക്കുഗതാഗതത്തിന്റെ കേന്ദ്രം എന്നനിലയിലുള്ള മസ്കറ്റിന്റെ സ്ഥാനത്തിന്റെ ശക്തി പകരുന്നതാണ് അയാട്ടയുടെ അംഗീകാരങ്ങളെന്ന് ഒമാൻ എയർപോർട്ട്സ് കമേഴ്സ്യൽ ചീഫ് ഒാഫിസർ ശൈഖ് സാമെർ ബിൻ അഹമ്മദ് അൽ നബ്ഹാനി പറഞ്ഞു. ഒമാനി സമ്പദ്ഘടനക്ക് പുറമെ, പശ്ചിമേഷ്യയെയും ആഫ്രിക്കയെയും ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന കയറ്റിറക്കുമതി കേന്ദ്രമായി മാറാൻ ഒമാന് കഴിയും.