Fri. Nov 22nd, 2024
യമൻ:

യമനിൽ വെടിനിർത്തൽ നിർദേശം മുന്നോട്ട് വച്ച് സൗദി അറേബ്യ. ഐക്യരാഷ്ട്ര സഭയുടെ മേൽനോട്ടത്തിലാണ് യമനിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമം നടക്കുന്നത്. സമാധാന ശ്രമവുമായി സഹകരിക്കണമെന്ന് സൗദി യമൻ സർക്കാരിനോടും ഹൂതികളോടും ആവശ്യപ്പെട്ടു.

സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാനാണ് യമനിലെ പ്രതിസന്ധി അവസാനിപ്പിക്കാനുള്ള പുതിയ നിർദേശം മുന്നോട്ട് വച്ചത്. ഐക്യരാഷ്ട്ര സഭയുടെ മേൽനോട്ടത്തിലായിരിക്കും സമാധാന പദ്ധതി നടപ്പിലാക്കുക. യമൻ ഗവൺമെന്റും ഹൂതികളും പദ്ധതി അംഗീകരിച്ചാൽ യമനിൽ സമഗ്രമായ വെടി നിർത്തൽ ഉണ്ടാകും.

സനാ വിമാനത്താവളത്തിലെയും ഹുദൈദ തുറമുഖത്തെയും നിയന്ത്രണങ്ങൾ നീക്കും. ഹൂതികളുടെ നിയന്ത്രണത്തിലുള്ള സനാ വിമാനത്താവളത്തിൽ നിന്നും തിരിച്ചും വിമാന സർവീസുകൾ ഉണ്ടാകും. ഹുദൈദ തുറമുഖത്ത് കപ്പൽ സർവീസും കാർഗോ സർവീസും ഉണ്ടാകും.

എണ്ണയുടെയും ഭക്ഷ്യോത്പന്നങ്ങളുടെയും ഇറക്കുമതി പുനരാരംഭിക്കും. സ്റ്റോക്ക് ഹോം ഉടമ്പടി പ്രകാരം പോർട്ടിൽ നിന്നുള്ള നികുതി വരുമാനം ഹുദൈദ സെൻട്രൽ ബാങ്കിൽ നിക്ഷേപിക്കും. പ്രതിസന്ധി അവസാനിപ്പിക്കാൻ പുതിയ ചർച്ചകളും കരാറുകളും ഉണ്ടാകും.

അതേസമയം, യമനിലെ നിയമാനുസൃത ഗവൺമെന്റിനെയും യമൻ ജനതയെയും പിന്തുണയ്ക്കുന്നത് തുടരുമെന്നും വിദേശകാര്യ മന്ത്രി അറിയിച്ചു. യമനിലെ പ്രതിസന്ധിക്ക് പ്രധാന കാരണം ഇറാന്റെ ഇടപെടൽ ആണെന്നും അദ്ദേഹം പറഞ്ഞു. പുതിയ ശ്രമം രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കുമെന്നാണ് പ്രതീക്ഷയെന്ന് സഖ്യസേനാ വക്താവ് തുർക്കി അൽമാലികി പ്രതികരിച്ചു.

By Divya