Mon. Dec 23rd, 2024
ദുബായ്:

പുതുതായി പ്രഖ്യാപിച്ച 5 വർഷ മൾട്ടിപ്പിൾ എൻട്രി വീസയും ലോകത്തെവിടെയുമുള്ള ഓൺലൈൻ ജോലിക്കായി താമസ സൗകര്യമൊരുക്കുന്ന റിമോട്ട് വർക്ക് വീസയും യുഎഇയിലേക്കു കൂടുതൽ പ്രഫഷനലുകളെയും നിക്ഷേപകരെയും ആകർഷിക്കുമെന്നു വിലയിരുത്തൽ. കമ്പനി യുഎഇയിൽ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒരു വർഷ കാലാവധിയിലാണ് റിമോട്ട് വർക്ക് വീസ നൽകുക. ഇതോടെ, വൻ തുക മുടക്കി ഓഫിസ് തുടങ്ങാതെ തന്നെ വൈദഗ്ധ്യമുള്ള ജീവനക്കാരെ യുഎഇയിൽ നിലനിർത്തി കമ്പനികൾക്കു പ്രവർത്തിക്കാനാകും.

ജോലിക്കാർക്ക് സ്വന്തം സ്പോൺസർഷിപ്പിലും യുഎഇയിൽ നിൽക്കാം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർക്ക് ജോലി സൗകര്യം കണക്കിലെടുത്ത്  ഒരുമിച്ച് തങ്ങാനുമാകും. കൊവിഡ് പ്രതിസന്ധിയിൽ ഓഫിസ് അടച്ചുപൂട്ടേണ്ടിവന്ന കമ്പനികൾക്കും റിമോട്ട് വർക്ക് വീസയിലൂടെ ബിസിനസ് തുടരാം.

എല്ലാ രാജ്യക്കാർക്കും സ്പോൺസർ ഇല്ലാതെ എത്ര തവണ വേണമെങ്കിലും യുഎഇയിൽ വന്നുപോകാൻ സഹായിക്കുന്നതാണ് മൾട്ടിപ്പിൾ എൻട്രി വീസ. ഒരോ പ്രാവശ്യവും 90 ദിവസം വരെ തങ്ങാം. വീണ്ടും 90 ദിവസത്തേക്കു പുതുക്കാനുമാകും.  മുൻപ് കാലാവധി പൂർത്തിയാക്കാതെ പോകുന്നവർക്ക് പിന്നീട് രാജ്യത്തേക്ക് പ്രവേശിക്കാൻ കഴിയില്ലായിരുന്നു.

യുഎഇയിൽ പഠിക്കുന്ന മക്കളെ കൂടെക്കൂടെ വന്നു കാണാനും മറ്റും പുതിയ  നിയമം സഹായിക്കും. പലതവണ വീസ എടുക്കുന്നതിന് മുടക്കേണ്ടിയിരുന്ന പണവും  ലാഭിക്കാം. എക്സ്പോ 2020 ലേക്ക് കൂടുതൽ പേരെ ആകർഷിക്കാനും ഇതു തുണയാകുമെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

By Divya