മസ്കറ്റ്:
ഇന്ത്യയെയും ഇന്ത്യക്കാരെയും ഏറെ സ്നേഹിച്ച ഭരണാധികാരിക്കുള്ള അർഹിക്കുന്ന ആദരവാണ് 2019ലെ ഗാന്ധി സമാധാന സമ്മാനം സുൽത്താൻ ഖാബൂസ് ബിൻ സഈദിന് മരണാനന്തര ആദരമായി നൽകാനുള്ള പ്രഖ്യാപനം. അക്രമരഹിത മാര്‍ഗങ്ങളിലൂടെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ രംഗത്ത് ശ്രദ്ധേയ സംഭാവനകൾ നൽകുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമാണ് ഗാന്ധി സമാധാന സമ്മാനം നൽകുന്നത്. 2015ൽ ഗാന്ധിജിയുടെ 125ാം ജന്മശതാബ്ദി ദിനത്തിലാണ് ഈ അവാർഡ് ആദ്യമായി നൽകിയത്. താൻസനിയൻ ഗാന്ധി എന്ന് അറിയപ്പെട്ടിരുന്ന ജൂലിയസ് നെരേരയായിരുന്നു ആദ്യ അവാർഡ് ജേതാവ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലുള്ള ജൂറിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. ചീഫ് ജസ്റ്റിസ്, ലോക്സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയുടെ അധ്യക്ഷൻ, ലോക്സഭ സ്പീക്കർ, സാമൂഹിക സേവന സംഘടനയായ സുലഭ് ഇൻറർനാഷനൽ സ്ഥാപകൻ എന്നിവരടങ്ങുന്ന ജൂറി ഏകകണ്ഠമായാണ് 2019ലെ പുരസ്കാരം സുൽത്താൻ ഖാബൂസിന് മരണാനന്തര ബഹുമതിയായി നൽകാൻ തീരുമാനിച്ചത്. അഹിംസയിലൂടെയും ഗാന്ധിയൻ മാർഗങ്ങളിലൂടെയും സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ രംഗങ്ങളിൽ അദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരമെന്ന് ഇന്ത്യൻ വിദേശകാര്യ വകുപ്പ് പത്രക്കുറിപ്പിൽ അറിയിച്ചു.