Thu. Jan 23rd, 2025
ബംഗാൾ:

‘നിങ്ങളുടെ ശ്രദ്ധ ബംഗാളിലേക്കു ചുരുങ്ങുമ്പോൾ ഞങ്ങൾ ഡൽഹിയിലേക്കു പടരും’ എന്ന മട്ടിലാണ് ബിജെപിക്കെതിരെ മുഖ്യമന്ത്രി മമത ബാനർജിയുടെ പുതിയ പ്രസംഗങ്ങൾ. മമത ഡൽഹിയിൽ കണ്ണുവച്ചു തുടങ്ങിയെന്നു സൂചിപ്പിക്കുന്ന വാക്കുകൾ. ബംഗാളിൽ തൃണമൂൽ കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തിയാൽ മമതയുടെ ശ്രദ്ധ ഡൽഹിയിലേക്കു നീളുമെന്നാണ് ബംഗാളിലെ ചർച്ച.

ഡൽഹി വെല്ലുവിളി ഇടയ്ക്കിടെ മമത തിരഞ്ഞെടുപ്പു പ്രസംഗങ്ങളിൽ ഉയർത്തുന്നതു വെറുതെയല്ല. കേന്ദ്രത്തിൽ ദുർബലമായ പ്രതിപക്ഷം ഒഴിച്ചിട്ടിരിക്കുന്ന ഇടം തനിക്കു കടന്നു ചെല്ലാൻ പാകമാണെന്ന സൂചനകൾ അതിലുണ്ട്.
ബംഗാളിൽ തൃണമൂൽ വീണ്ടും അധികാരത്തിലെത്തിയാലും ഇടയ്ക്കു വച്ചു മുഖ്യമന്ത്രി സ്ഥാനം വിശ്വസ്തനെ ഏൽപിച്ചു മമത ഡൽഹിയിൽനിന്നുള്ള പോരാട്ടങ്ങൾ ഏറ്റെടുക്കാൻ സാധ്യയുണ്ടെന്നു തൃണമൂൽ നേതാക്കൾ രഹസ്യമായി പറയും.

ഇടതു ഭരണത്തിനെതിരെ മാറ്റം എന്ന മുദ്രാവാക്യം പ്രയോഗിച്ച് അധികാരം നേടിയ മമത ഇപ്പോൾ ആ വാക്ക് പ്രയോഗിക്കുന്നത് കേന്ദ്ര സർക്കാരിനെതിരെയാണ്. തിരഞ്ഞെടുപ്പൊന്നു ജയിച്ചോട്ടെ, ഡൽഹിയിലും മാറ്റം വരുത്തുന്നുണ്ട് എന്നൊക്കെയാണു പ്രസംഗം.

നരേന്ദ്ര മോദിക്കും ബിജെപിക്കും എതിരെ ഇപ്പോൾ ചിതറി നിൽക്കുന്ന പ്രതിപക്ഷത്തെ ഒന്നിച്ചു നിർത്താൻ കഴിയുന്ന നേതാവായി മമത സ്വയം പ്രതിഷ്ഠിക്കുന്നുണ്ട്. മുൻപ് 23 പ്രതിപക്ഷ പാർട്ടികളെ ഒരേ വേദിയിലെത്തിച്ചു പ്രതിപക്ഷ നേതൃത്വം ഏറ്റെടുക്കാനുള്ള ശ്രമം മമത നടത്തിയിരുന്നു.

By Divya