Mon. Dec 23rd, 2024
അഹമ്മദാബാദ്:

ടെസ്റ്റ് പരമ്പരക്ക് പിന്നാലെ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയും ഇന്ത്യക്ക്. പരമ്പരയിലെ അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനെ 36 റണ്‍സിന് കീഴടക്കിയ ഇന്ത്യ ടി20 പരമ്പര 3-2ന് പരമ്പര സ്വന്തമാക്കി. ഇന്ത്യ ഉയര്‍ത്തിയ 225 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ടിനായി ഡേവിഡ് മലനും ജോസ് ബട്‌ലറും പൊരുതിയെങ്കിലും ഭുവനേശ്വര്‍ കുമാറിന്‍റെയും ഷര്‍ദ്ദുല്‍ ഠാക്കൂറിന്‍റെയും ഹര്‍ദ്ദിക് പാണ്ഡ്യയുടെയും തകര്‍പ്പന്‍ ബൗളിംഗ് ഇന്ത്യക്ക് വിജയമൊരുക്കി. സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 224/2, ഇംഗ്ലണ്ട് 20 ഓവറില്‍ 188/8.

കൂറ്റന്‍ വിജയലക്ഷ്യം മറകിടക്കാന്‍ മികച്ച തുടക്കം അനിവാര്യമായിരുന്ന ഇംഗ്ലണ്ടിനെ ഞെട്ടിച്ചാണ് ഇന്ത്യ തുടങ്ങിയത് ഇന്നിംഗ്സിലെ രണ്ടാം പന്തില്‍ ഭുവനേശ്വര്‍ കുമാര്‍ പരമ്പരയില്‍ മികച്ച ഫോമിലായിരുന്ന ജേസണ്‍ റോയിയെ ക്ലീന്‍ ബൗള്‍ഡാക്കിയതോടെ ഇംഗ്ലണ്ട് ഞെട്ടി.

എന്നാല്‍ ആദ്യ ഓവറിലെ വിക്കറ്റ് നഷ്ടം ഇംഗ്ലണ്ടിനെ ഉലച്ചില്ല. പരമ്പരയില്‍ ഇതുവരെ ഫോമിലാവാതിരുന്ന ഡേവിഡ് മലനും ജോസ് ബട്‌ലറും അടിച്ചു തകര്‍ത്തതോടെ ഇന്ത്യയുടെ പിടി അയഞ്ഞു. ഇന്ത്യക്ക് അതേനാണയത്തില്‍ ഇരുവരും മറുപടി നല്‍കിയതോടെ പവര്‍പ്ലേയില്‍ ഇംഗ്ലണ്ട് 62 റണ്‍സിലെത്തി.

31 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച മലനും 30 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ ബട്‌ലറും ചേര്‍ന്ന് കളി ഇന്ത്യയുടെ കൈയില്‍ നിന്ന് തട്ടിയെടുക്കുമെന്ന് തോന്നിച്ചു. സ്പിന്നര്‍മാരെയും പേസര്‍മാരെയും നിലം തൊടാതെ പറത്തി രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 13 ഓവറില്‍ 130 റണ്‍സടിച്ചു.

By Divya