അബുദാബി:
കൃത്രിമ മഴ പെയ്യിക്കാനുള്ള പുതിയ രീതി പരീക്ഷിച്ച് യുഎഇ. ചിതറിക്കിടക്കുന്ന മഴ മേഘങ്ങളെ യോജിപ്പിച്ച് ഒരിടത്തു കേന്ദ്രീകരിച്ച് കൂടുതൽ മഴ പെയ്യിക്കാനാണ് ശ്രമം. പരമ്പരാഗത മാർഗത്തെക്കാൾ 40% കൂടുതൽ മഴ പെയ്യിക്കാൻ ക്ലൗഡ് സാപ്പിങിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ.
യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് റീഡിങിലെ പ്രഫസർ ഗിൽസ് ഹാരിസണിന്റെ നേതൃത്വത്തിൽ ദുബായ് സനദ് അ ക്കാദമിയിൽ നടത്തിയ പരീക്ഷണം വിജയകരമായിരുന്നു. നവീന പരീക്ഷണത്തിലൂടെ സാധാരണത്തേതിനെക്കാൾ കൂടുതൽ മഴ ലഭിക്കുമെന്നും പ്രഫ ഹാരിസൺ പറഞ്ഞു.
ജലസമൃദ്ധിയും കാർഷികമുന്നേറ്റവും ലക്ഷ്യമിട്ട് ക്ലൗഡ് സാപ്പിങ് എന്ന മഴമേഘ പദ്ധതി വിപുലമാക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ ഡോ അബ്ദല്ല അൽ മൻദൂസ് പറഞ്ഞു. ഭൂഗർഭജല നിരപ്പ് ഉയർത്താനും കാർഷികമേഖലകൾ വിപുലമാക്കാനും പദ്ധതി സഹായകമാകും.