Fri. Nov 22nd, 2024
ന്യൂഡല്‍ഹി:

കേന്ദ്രസര്‍ക്കാരിൻ്റെ നിയമങ്ങള്‍ക്കെതിരെ സംസ്ഥാന നിയമസഭകള്‍ക്ക് പ്രമേയം പാസാക്കാന്‍ സാധിക്കുമെന്ന് സുപ്രീംകോടതി. ഇതില്‍ അസാധാരണമായി ഒന്നുമില്ലെന്നും ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു.

കേന്ദ്രസര്‍ക്കാരിന്റെ പൗരത്വനിയമം, കാര്‍ഷിക നിയമം എന്നിവയ്‌ക്കെതിരെ കേരള, പശ്ചിമബംഗാള്‍ നിയമസഭകള്‍ പ്രമേയം പാസാക്കിയതിനെതിരെ സമര്‍പ്പിച്ച ഹർജി പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശം. കേസില്‍ വാദം കേള്‍ക്കവെ സുപ്രീം കോടതി പ്രമേയങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത് ഭൂരിപക്ഷ അംഗങ്ങളുടെ അഭിപ്രായമാണെന്നും അതിന് നിയമപരായ പിന്‍ബലമില്ലെന്നും കോടതി പറഞ്ഞു.

രാജസ്ഥാന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എന്‍ജിഒ സംതാ ആന്ദോളന്‍ സമിതിയാണ് ഹർജി സമര്‍പ്പിച്ചത്. പൗരത്വ നിയമത്തിനെതിരെ കേരളം, രാജസ്ഥാന്‍, പഞ്ചാബ്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങള്‍ക്ക് പ്രമേയം പാസാക്കാന്‍ അവകാശമില്ലെന്നായിരുന്നു ഹർജിയില്‍ പറഞ്ഞത്. പ്രമേയങ്ങള്‍ അസാധുവാക്കണമെന്നും ഹർജിയില്‍ ആവശ്യപ്പെട്ടു.

By Divya