Fri. Nov 22nd, 2024
തിരുവനന്തപുരം:

എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശപത്രിക പലയിടത്തും തള്ളിയത് സിപിഐഎമ്മും ബിജെപിയും തമ്മിലുള്ള ധാരണയ്ക്ക് തെളിവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അധികാരം നിലനിര്‍ത്താന്‍ വര്‍ഗീയ ശക്തികളുമായി ചേര്‍ന്ന് കുറുക്കുവഴി തേടുകയാണ് സിപിഐഎം. സംഘപരിവാറും സിപിഐഎമ്മും പല മണ്ഡലങ്ങളിലും സൗഹൃദ മത്സരം നടത്തുകയാണ്.

സിപിഐഎം വ്യാപകമായി ബിജെപിയുടെ വോട്ട് വിലയ്ക്ക് വാങ്ങുകയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സിപിഐഎമ്മിന്റെ പ്രമുഖര്‍ മത്സരിക്കുന്ന പല മണ്ഡലങ്ങളിലും തീരെ ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി നിര്‍ത്തിയിട്ടുള്ളത്. പകരം സിപിഐഎമ്മും സമാന നിലപാടാണ് സ്വീകരിച്ചത്.

അപകടകരമായ രാഷ്ട്രീയമാണ് സിപിഐഎം പയറ്റുന്നത്. വികസന നേട്ടം അവകാശപ്പെടാനില്ലാതെ വിഷയ ദാരിദ്ര്യം നേരിടുന്നതിനാലാണ് സിപിഐഎം ബിജെപിയുടെ സഹായത്തോടെ തെരഞ്ഞെടുപ്പ് സഖ്യം രൂപപ്പെടുത്തിയത്. സിപിഐഎമ്മും ബിജെപിയും തമ്മിലുള്ള ഡീല്‍ ആര്‍എസ്എസ് നേതാവ് ആര്‍ ബാലശങ്കര്‍ വെളിപ്പെടുത്തിയതിന് പിന്നാലെ എന്‍എഡിഎ സ്ഥാനാര്‍ത്ഥി പുന്നപ്ര-വയലാര്‍ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതും യാദൃശ്ചികമല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

By Divya