Sat. Jan 18th, 2025
ന്യൂദല്‍ഹി:

തിങ്കളാഴ്ച പാര്‍ട്ടി എംപിമാര്‍ നിര്‍ബന്ധമായും ലോക്‌സഭയില്‍ ഹാജരാകണമെന്ന് ബിജെപി. മൂന്ന് വരിയുള്ള വിപ്പ് പാര്‍ട്ടി പുറപ്പെടുവിച്ചു. സര്‍ക്കാരിന്റെ നിലപാടുകളെ പിന്തുണയ്ക്കാന്‍ മുഴുവന്‍ സമയം ലോക്‌സഭയില്‍ വേണമെന്ന് വിപ്പില്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് കേന്ദ്രസര്‍ക്കാര്‍ ചെലവുകള്‍ക്കും വിവിധ പദ്ധതി നടത്തിപ്പിനും സഞ്ചിത നിധിയില്‍ നിന്ന് പണമെടുക്കാന്‍ അധികാരം നല്‍കുന്ന വിനിയോഗ ബില്‍ (അപ്പ്രോപ്രിയേഷന്‍ ബില്‍) ലോക്സഭ ശബ്ദ വോട്ടോടെ പാസാക്കിയത്.

ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് വിവിധ വകുപ്പുകള്‍ക്കുള്ള ധനാഭ്യര്‍ത്ഥന ബില്ലുകള്‍ ചര്‍ച്ച കൂടാതെ പാസാക്കിയത്. കേന്ദ്ര സര്‍ക്കാരിന്റെ നികുതി, ലൈസന്‍സ് ഫീ, വായ്പകള്‍ തുടങ്ങി വരുമാനം സമാഹരിക്കുന്ന സഞ്ചിത നിധിയില്‍ നിന്ന് പണമെടുക്കാന്‍ നിലവില്‍ പാര്‍ലമെന്റിന്റെ അംഗീകാരം വേണം. അടിയന്തര ഘട്ടങ്ങളില്‍ ഈ കടമ്പ മറികടക്കാനുള്ളതാണ് പുതിയ ബില്‍. കേന്ദ്രധനമന്ത്രി നിര്‍മ്മലാ സീതാരാമനാണ് ബില്‍ അവതരിപ്പിച്ചത്.

റെയില്‍വെ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ വകുപ്പുകള്‍ക്കുള്ള ഉപധനാഭ്യര്‍ത്ഥന ബില്ലുകള്‍ കഴിഞ്ഞ ദിവസം ലോക്സഭ പാസാക്കിയിരുന്നു. ബാക്കി വകുപ്പുകള്‍ക്കുള്ള ബില്ലുകള്‍ ചര്‍ച്ചയും വോട്ടിംഗും കൂടാതെ പാസാക്കാനാണ് സ്പീക്കര്‍ പ്രത്യേക അധികാരം പ്രയോഗിച്ചത്.

By Divya