Fri. Nov 22nd, 2024
തിരുവനന്തപുരം:

എന്‍ഫോഴ്‍സ്മെന്‍റ് ഡയറക്ടറേറ്റിന് പിന്നാലെ ആദായ നികുതി വകുപ്പും കിഫ്ബിയിലേക്ക്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കിഫ്ബി നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങൾ സമർപ്പിക്കാൻ നിർദ്ദേശം നല്‍കി. പിണറായി സര്‍ക്കാരിന്‍റെ കാലത്ത് കരാറുകാർക്ക് കിഫ്ബി പണം നൽകിയതിന്‍റെ വിശദാംശങ്ങളും ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്

കിഫ് ബിയെ കുറിച്ച് ഇഡി നടത്തുന്ന അന്വേഷണത്തില്‍ സര്‍ക്കാര്‍ പ്രതിരോധം തീര്‍ക്കുന്നതിനിടയിലാണ് ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ് വന്നിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ കിഫ്ബിയുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും നല്‍കാനാണ് ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.

കിഫ് ബി നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങൾ നല്‍കണം. അഞ്ച് വർഷത്തിനിടയിൽ കിഫ്ബി കരാറുകാർക്ക് പണം നൽകിയതിന്‍റെ വിശദാംശം നൽകാനും നിര്‍ദ്ദേശമുണ്ട്. കൂടാതെ ഓരോ പദ്ധതിയുടേയും നികുതി വിശദാംശങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇഡി അന്വേഷണത്തെ സര്‍ക്കാര്‍ ശക്തമായി എതിര്‍ക്കുന്നതിനിടയിലാണ് ആദായ നികുതി വകുപ്പ് കൂടി കിഫ്ബിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. കേന്ദ്രസര്‍ക്കാരുകളുടെ ഈ നീക്കങ്ങള്‍ വരും ദിവസങ്ങളില്‍ രാഷ്ട്രീയ പ്രചരണമാക്കിയെടുക്കാനാണ് ഇടത് മുന്നണിയുടെ തീരുമാനം.

By Divya