Sun. Feb 23rd, 2025
തമിഴ്നാട്:

തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിക്കുമ്പോൾ പ്രതീക്ഷയോടെ കമൽ ഹസന്‍റെ മക്കൾ നീതി മയ്യം. ജനപ്രിയ പദ്ധതികൾ ഉൾപ്പെടുത്തി പുറത്തിറക്കിയ പ്രകടന പത്രിക വോട്ടാകുമെന്നാണ് കമലിന്‍റെ പ്രതീക്ഷ. ഉറച്ച സ്വാധീനമുള്ള മണ്ഡലങ്ങൾ എടുത്തു പറയാനില്ലെങ്കിലും തമിഴ്നാട്ടിലെ പലയിടത്തും കമൽ ഹസന്‍റെ മക്കൾ നീതി മയ്യം ചർച്ചയായിക്കഴിഞ്ഞു.

തമിഴ്നാട്ടിൽ കണ്ടു പരിചയിച്ച താര രാഷ്ട്രീയ ശൈലിക്കപ്പുറം വികസനവും അഴിമതി രഹിതവുമായ ഭരണ മാതൃകയാണ് മക്കൾ നീതി മയ്യം മുന്നോട്ടുവെയ്ക്കുന്നത്. പത്ത് വർഷം കൊണ്ട് തമിഴ്നാട്ടിൽ നടപ്പാക്കാവുന്ന വികസന മാർഗരേഖയാണ് കമൽ ഹസൻ പ്രകടന പത്രികയായി പുറത്തിറക്കിയത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസവും, നേരിട്ടുള്ള 50 ലക്ഷം തൊഴിലവസരങ്ങളും, വ്യാവസായിക വളർച്ചയും, ജിഡിപി വർധനവും മക്കൾ നീതി മയ്യം ഉറപ്പ് നൽകുന്നു.

മക്കൾ ക്യാന്‍റീൻ എന്ന പേരിൽ തമിഴ്നാട്ടിലുടനീളം ന്യായവില മാർക്കറ്റ് തുടങ്ങുമെന്നും പ്രകടന പത്രികയിൽ വാഗ്ദാനമുണ്ട്.

By Divya