Fri. Nov 22nd, 2024
ന്യൂദല്‍ഹി:

കീറിയ ജീന്‍സ് ധരിക്കുന്ന സ്ത്രീകള്‍ ഭാവി തലമുറയ്ക്ക് എന്തു മൂല്യമാണ് നല്‍കുന്നതെന്ന ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരത് സിംഗിന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും നിതിന്‍ ഗഡ്കരിയുടെയും ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു പ്രിയങ്കയുടെ വിമര്‍ശനം.
അതാ…അവരും കാല്‍മുട്ടു കാണിക്കുന്നു എന്ന തലക്കെട്ടോടെയായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്. നരേന്ദ്രമോദി, കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി, ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത് എന്നിവരുടെ ചിത്രങ്ങളും ട്വീറ്റിനോടൊപ്പം ഉള്‍പ്പെടുത്തിയിരുന്നു.

ചൊവ്വാഴ്ചയാണ് ഒരു ചടങ്ങില്‍ സംബന്ധിക്കവെ സ്ത്രീകളുടെ വസ്ത്രധാരണത്തിനെതിരെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരത് സിംഗ് റാവത്ത് വിവാദ പ്രസ്താവന നടത്തിയത്. ഇന്നത്തെ യുവജനങ്ങള്‍ക്ക് മൂല്യങ്ങള്‍ നഷ്ടപ്പെട്ടെന്നും വിചിത്രമായ ഫാഷന്‍ ട്രെന്‍ഡുകളാണ് പിന്തുടരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുട്ടു വരെ കീറിയ ജീന്‍സ് ഇടുമ്പോള്‍ വലിയ ആളുകളായാണ് കണക്കാക്കുന്നതെന്നും സ്ത്രീകളും ഇത്തരം ട്രെന്‍ഡുകള്‍ പിന്തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

റാവത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ വലിയ രീതിയില്‍ പ്രതിഷേധമുയരുകയാണ്. ശിവസേന രാജ്യസഭ എംപി പ്രിയങ്ക ചതുര്‍വേദി, ദല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍, നടി ജയാ ബച്ചന്‍ തുടങ്ങിയവര്‍ റാവത്തിനെതിരെ രംഗത്തെത്തിയിരുന്നു. കൂടാതെ ട്വിറ്ററില്‍ ഹാഷ്ടാഗ് റിപ്പ്ഡ് ജീന്‍സ് എന്ന ക്യാംപെയിനുമായി സ്ത്രീകള്‍ മുന്നോട്ടുവരികയും ചെയ്തു.

By Divya